Sunday, November 7, 2010

കാത്തിരിപ്പ്

“ഡീ കാര്‍ത്തൂ, നിനക്കാ ഫോണ്‍”  ഹേമ വിളിച്ചു പറഞ്ഞു.
“ഈ അമ്മയ്ക്കെന്താ എന്‍റെ മൊബൈലില്‍ വിളിച്ചാല്‍ പോരെ. എന്തിനാ ഈ കുന്തത്തിലേക്ക് വിളിക്കുന്നേ?” സീറ്റില്‍ നിന്ന് എണീറ്റ്‌ ഹേമയുടെ നേരെ നടക്കുമ്പോള്‍ ഞാന്‍ മനസ്സില്‍ പിറുപിറുത്തു.
“മോളേ, നിന്റെ മൊബൈല്‍ എവിടെയാ? ഞാന്‍ കുറേ നേരമായി അതില്‍ ട്രൈ ചെയ്യുന്നു.”


“എന്‍റെ മൊബൈല്‍........ Oh no.
“എന്തേ? കൊണ്ട് കളഞ്ഞാ?”
“യേയ്. കളഞ്ഞിട്ടൊന്നുമില്ല. അത് സൈലന്റ് ആക്കി ബാഗില്‍ ഇട്ടാരുന്നു രാവിലെ. ഓരോരുത്തന്മാര്‍ വിളിച്ചോണ്ടിരിക്കും രാവിലെ തന്നെ. ടീച്ചറേ, ഇപ്രാവശ്യമെങ്കിലും കനകനിധിയില്‍ ചേരണേ, LIC  എടുക്കണേ, ആന എടുക്കണേ, ചേന എടുക്കണേ. അല്ല ഇവന്മാര്‍ക്കെല്ലാം എന്റെ നമ്പര്‍ എവിടുന്നാ കിട്ടുന്നേ?”
ഹേമ അവിടിരുന്നു ചിരിക്കുന്നു. നീ ആണോടീ മാക്രീ എന്റെ നമ്പര്‍ കൊടുത്തത്. എന്റെ കണ്ണുരുട്ടല്‍ കണ്ടപ്പം അവളുടെ ചിരി നിന്നു.
“മോളൂ, അത് പോട്ടെടാ. നീ ഇന്ന് നേരത്തെ സ്കൂളില്‍ നിന്ന് ഇറങ്ങുമോ?” കഴിഞ്ഞ ദിവസം അച്ഛന്‍ പറഞ്ഞില്ലേ, ഒരു ആലോചന. മുബൈയില്‍ വര്‍ക്ക് ചെയ്യുന്ന.......”
“ഹും. എന്തേ അവന്‍ ചത്തോ?”
“നിനക്കെന്തിനാ ഇങ്ങനെ ദേഷ്യം? കല്യാണം എന്ന് കേള്‍ക്കുമ്പോ തൊടങ്ങും പെണ്ണിന്.... നീ നേരത്തെ വരുവോ ഇല്ലയോ?”
അമ്മയ്ക്ക് ദേഷ്യം വരാന്‍ തുടങ്ങി എന്ന് എനിക്ക് മനസ്സിലായി.
“എന്റെ അമ്മേ, ഞാന്‍ വരാം. ഒരിത്തിരി പണികൂടി ഉണ്ട്. ഇന്നത്തെ എന്റെ ക്ലാസ്സൊക്കെ കഴിഞ്ഞു. ഇനി ആ പുഷ്പ ടീച്ചറോട്‌ ഒന്ന് ചോദിച്ച് ഇറങ്ങണം. അത്രേ ഉള്ളൂ. പിന്നെ....”
“എന്തേ?”
“എന്നെ ഇപ്പൊ തന്നെ നിങ്ങള്‍ക്ക്‌ കെട്ടിച്ചയക്കണം. അല്ലേ?”
“പെണ്ണ് വീണ്ടും തൊടങ്ങിയല്ലോ”
“ഒന്നൂല്ല. ഞാന്‍ വരാം. ഓക്കേ?” ഞാന്‍ ഫോണ്‍ വച്ചു.
“ഇന്നേതാ, പുതിയ ആലോചന? എഞ്ചിനീയറോ അതോ ഡോക്ടറോ?” അതും പറഞ്ഞ് ഹേമ വീണ്ടും ചിരിക്കാന്‍ തുടങ്ങി.
“നിന്റെ ഈ ചിരിയൊക്കെ ഇപ്പം കല്യാണം കഴിഞ്ഞതിന്റെയാ. അതൊക്കെ പെട്ടെന്നങ്ങു തീരും മോളെ.”
“ഓ. കേട്ടാല്‍ തോന്നും നീ പത്ത് കെട്ടു കഴിഞ്ഞ ആളാണെന്ന്.” അവള്‍ വിട്ടു തരാന്‍ ഭാവമില്ല.
“പുതിയ പെണ്ണിന്റെ മണമൊക്കെ മാറുമ്പോ തൊടങ്ങും പ്രശ്നങ്ങള്‍” ഞാനും വിട്ടു കൊടുത്തില്ല.
“എന്നാല്‍ ഞാനങ്ങു സഹിച്ചു. വല്യൊരു സ്ത്രീ വിമോചക വന്നിരിക്കുന്നു.”
“സഹിച്ചേ നിവൃത്തി ഉള്ളൂ. കേട്ടാ എന്റെ ഹേമ കുട്ടീ.” അവളുടെ കവിള്‍ നുള്ളുന്നതിനിടയില്‍ ഞാന്‍ പറഞ്ഞു.
ഹേമ ഒരു പാവം കുട്ടിയാ. വെളുത്ത് മെലിഞ്ഞ ഒരു സുന്ദരിക്കുട്ടി. നമ്മുടെ സ്കൂളില്‍ ജോയിന്‍ ചെയ്തിട്ട് കുറച്ചു കാലമേ ആയിട്ടുള്ളൂ. ദേഷ്യം വരുമ്പോള്‍ അവളുടെ മുഖം ചുവക്കുന്നത് കാണാന്‍ വേണ്ടി മാത്രം ഞാന്‍ എന്നും അവളെ ചൂടാക്കാറുണ്ട്. ഹസ്ബന്റ് മര്‍ച്ചന്റ് നേവിയിലാ. മൂപ്പരുടെ ലീവ് ഇനി ഒരാഴ്ച കൂടിയേ ഉള്ളൂ. ആ ഒരു സങ്കടം അവള്‍ക്കിപ്പോ വല്ലാതുണ്ട്.
“ഡീ, ഞാനിറങ്ങുന്നു.” എന്റെ ബാഗുമായി ഞാന്‍ കസേരയില്‍ നിന്ന് എണീറ്റു.
“വരുന്ന ആള്‍ക്കാരെ പിള്ളേരെ പേടിപ്പിക്കുന്നപോലെ ഒന്നും പേടിപ്പിക്കല്ലേ. അവരും ജീവിച്ചു പോയ്ക്കോട്ടെ.”
“ഉം. നോക്കട്ടെ”

ബസ്സില്‍ കേറി ടിക്കറ്റ്‌ എടുക്കുമ്പോള്‍ കണ്ടക്ടര്‍ ചോദിച്ചു “ടീച്ചറെന്തേ ഇന്ന് നേരത്തേ? സാധാരണ അടുത്ത ട്രിപ്പിനാണല്ലോ ഉണ്ടാവാറ്”
മറുപടി ആയി വെറുതെ ഞാന്‍ ചിരിച്ചു.
ഈ നാട്ടിന്‍പുറത്തെ യാത്രകളൊക്കെ എത്ര വ്യത്യസ്തമാ. എല്ലാര്ക്കും എല്ലാരേയും അറിയാം. ചെറിയ ചെറിയ കുശലാന്വേഷണങ്ങള്‍. ഒരു ദിവസം കണ്ടില്ലെങ്കില്‍, അടുത്ത ദിവസം കാണുമ്പോള്‍ “എന്ത് പറ്റി ഇന്നലെ?” എന്ന ചോദ്യത്തിലുള്ള സ്നേഹവായ്പ്പ്. കല്യാണം കഴിഞ്ഞ് ഏതെന്കിലും നഗരത്തിലെ സിറ്റി ബസ്സില്‍ ഇതൊക്കെ നടക്കുമോ.  ഓര്‍ത്തു നോക്കിയപ്പോള്‍ എനിക്ക് തന്നെ ചിരി വന്നു.
ഇതുവരെ അറിയാത്ത ഒരാളെ കല്യാണം കഴിക്കുക. എന്ത് അസംബന്ധമായ കാര്യമാണത്. നിശ്ചയത്തിനു ശേഷം കുറച്ചു കാലം ഫോണില്‍ സംസാരിക്കുക. എന്നിട്ട്, കല്യാണ ദിവസം കിടക്ക പങ്കിടുക. ഫോണിലൂടെ കുറെ നേരം സംസാരിച്ചാല്‍ ഒരാളെ ശരിക്കും അറിയാന്‍ കഴിയുമെന്ന് പറയുന്നവര്‍ വിഡ്ഢികള്‍ അല്ലേ. സംസാരിക്കുമ്പോള്‍ കണ്ണില്‍ നോക്കി സംസാരിക്കണം. അപ്പോള്‍ അറിയാം ഒരാള്‍ പറയുന്നത് സത്യമാണോ കള്ളമാണോ എന്ന്. പഠിക്കുന്ന കാലത്ത് വലിയ വലിയ ഡയലോഗ്സ് അടിച്ച ഞാനും ഇതേ അസംബന്ധത്തിന് തല കുനിച്ചു കൊടുക്കണം. എനിക്കെന്നോട് തന്നെ പുച്ഛം തോന്നി.
“മോനവിടെ ഈ ചേച്ചീന്റെ കൂടെ ഇരുന്നോ. അമ്മ പുറകിലെ സീറ്റില്‍ ഇരുന്നോളാം.”
യൂനിഫോര്‍മിട്ട ഒരു കുട്ടിയെ എന്ടടുത്തിരുത്തി ആ അമ്മ പുറകിലെ സീറ്റില്‍ ഇരുന്നു.
അവനെ ചേര്‍ത്തു പിടിച്ചു ഞാന്‍ ചോദിച്ചു. “മോന്റെ പേരെന്താ?”
“നിവേദ് മോഹന്‍”
“എത്രേലാ പഠിക്കുന്നേ?”
“നാലില്”
“ഇന്ന് സ്കൂള്‍ നേരത്തേ വിട്ടോ?”
“ഇല്ല. എപ്പോഴും ചേച്ചീടെ കൂടെയാ വരുവാ. ഇന്ന് ചേച്ചി വന്നില്ല. അതോണ്ട് അമ്മ കൂട്ടാന്‍ വന്നതാ.” നേരത്തെ സ്കൂളില്‍ നിന്നറങ്ങിയതിന്റെ സന്തോഷം അവന്റെ കണ്ണില്‍ കാണാമായിരുന്നു.


“പൂ പറിക്കാന്‍ പോരുമോ?”
“പോരും അതിരാവിലെ.”
“ആരെ നിങ്ങള്‍ക്കാവശ്യം?”
“കാര്‍ത്തികയെ ഞങ്ങള്‍ക്കാവശ്യം” എന്നത്തെയും പോലെ വിവേക്‌ വിളിച്ചു പറഞ്ഞു.
അതുകേള്‍ക്കേണ്ട താമസം ഹരി പറഞ്ഞു. “അല്ലെങ്കിലും അവനെന്നും അവളയേ വേണ്ടൂ. ഈ കളിയില്‍ മാത്രല്ല”
ചമ്മിയ മുഖത്തോടെ ഞങ്ങള്‍ പരസ്പരം നോക്കി ചിരിച്ചു.
വിവേക്‌ കൃഷ്ണന്‍ അതായിരുന്നു അവന്റെ പേര്. വെളുത്ത്, സൈഡിലേക്ക് മുടി ചീകി, നെറ്റിയില്‍ ഒരു ചന്ദനപൊട്ടോടെ, വെള്ള ഷര്‍ട്ടും നീല ട്രൌസറും ഇട്ട് എന്റെ അതേ ക്ലാസ്സിലാരുന്നു അവന്‍. അധികം മെലിഞ്ഞിട്ടുമല്ല, തടിച്ചിട്ടുമല്ല. അവന്റെ കുടുംബം അമൃതാനന്ദമയിയുടെ ആരാധകരായിരുന്നെന്ന് തോന്നുന്നു. കൈ വിരലില്‍ അമൃതാനന്ദമയിയുടെ ചിത്രമുള്ള ഒരു ചുവന്ന പ്ലാസ്റ്റിക്‌ മോതിരം കിടന്നിരുന്നു, കൈയ്യില്‍ ഒരു കറുത്ത ചരടും. ഒന്നു മുതല്‍ നാല് വരെ ഞങ്ങള്‍ ഒരുമിച്ചാണ് പഠിച്ചത്. അവന്റെ ചേച്ചിയും ആ സ്കൂളില്‍ തന്നെയാണ് പഠിച്ചിരുന്നത്. ആശ കൃഷ്ണന്‍ അവരുടെ പേരങ്ങനെയായിരുന്നു. അവര് രണ്ടാളും കുറച്ചു ദൂരെ നിന്നാണ് സ്കൂളിലേക്ക് വന്നിരുന്നത്. ഞങ്ങള്‍ക്കൊക്കെ നടക്കാനുള്ള ദൂരമേ സ്കൂളിലേക്ക് ഉണ്ടാരുന്നുള്ളൂ. സ്കൂള്‍ വിട്ട് ഞാന്‍ വീട്ടിലേക്ക് നടക്കുമ്പോള്‍ ബസ്സ്സ്റ്റോപ്പില്‍ ചേച്ചിയുടെ കൂടെ ബസ്സ് കാത്ത് നില്‍ക്കുന്ന അവന്‍ എന്നെ നോക്കി എന്നും ചിരിക്കാറുണ്ടാരുന്നു.
പഠിത്തത്തില്‍ ഞാനായിരുന്നു എന്നും ഫസ്റ്റ്. അവനെന്നും സെക്കന്റ്‌ റാങ്കായിരുന്നു. പക്ഷേ, ക്ലാസ്സ്‌ ലീഡര്‍ സ്ഥാനം ഞങ്ങള്‍ മാറി മാറി കൊണ്ട് നടന്നിരുന്നു. അവന്‍ ക്ലാസ്സ്‌ ലീഡര്‍ ആവുമ്പോള്‍ ഞാന്‍ ഡെപ്യൂട്ടി. ചിലപ്പോള്‍ തിരിച്ചും. ഞങ്ങള്‍ രണ്ടിലും, മൂന്നിലുമൊക്കെ പഠിക്കുമ്പോള്‍ ക്ലാസ്സിലെ കുട്ടികളെ മിക്സ്‌ ചെയ്ത് ഇരുത്തുമായിരുന്നു. ഒരു ബോയ്‌ ഒരു ഗേള്‍ എന്ന രീതിയില്‍. അവന്ടടുത്ത് വേറെ ആരേലും വന്നിരുന്നാല്‍ എനിക്ക് കുശുമ്പ് ആയിരുന്നു അവളോട്‌. അവനും ഞാന്‍ തന്നെ കൂടെ വരാന്‍ ആഗ്രഹിക്കാറുണ്ടെന്ന് അവന്റെ കണ്ണ് നോക്കുമ്പോള്‍ തന്നെ എനിക്കറിയായിരുന്നു.
ഞങ്ങളുടേത് ഒരു യു.പി. സ്കൂള്‍ ആയിരുന്നു. ഒന്ന് മുതല്‍ ഏഴാം ക്ലാസ്‌ വരെയെ അവിടുണ്ടാരുന്നുള്ളൂ. വിവേകിന്റെ ചേച്ചി ഏഴ് പാസ്സായപ്പോള്‍ അവരുടെ കൂടെ അവനും ടി.സി. മേടിച്ചു. ചേച്ചിയുടെ കൂടെ വേറെ സ്കൂളില്‍ ചേരാന്‍. അവന്‍ അപ്പോള്‍ നാല് പാസ്സായതേ ഉള്ളൂ. അന്നാദ്യമായി ആ ചേച്ചിയോടെനിക്ക് ദേഷ്യം തോന്നി. ആശ ചേച്ചി സ്കൂള്‍ ലീഡര്‍ ആവാന്‍ മത്സരിക്കുന്ന സമയത്ത് ഞാന്‍ ക്യാംപയിന്‍ നടത്താനൊക്കെ ഇറങ്ങിയിരുന്നു. വിവേകിന്റെ ചേച്ചി ആണല്ലോന്ന് വിചാരിച്ച്. എന്നിട്ട് അതേ ചേച്ചി കാരണം അവന്‍ സ്കൂള്‍ മാറിപോവുന്നു.
അവന്‍ ടി.സി. വാങ്ങി പോയതിനു ശേഷം, പിന്നീടും ഞാനവനെ കണ്ടിട്ടുണ്ട്. യു.എസ്.എസ്, യുറീക്ക, തളിര്‍ തുടങ്ങിയ പരീക്ഷകള്‍ എഴുതാന്‍ ഓരോ സ്കൂളില്‍ പോകുമ്പോഴും അവനെ ഞാന്‍ കണ്ടിരുന്നു. പക്ഷേ മിണ്ടാന്‍ ഞങ്ങള്‍ക്ക് ചമ്മലാരുന്നു. എന്റെ കൂടെ പരീക്ഷക്ക്‌ വന്നവര്‍ക്കൊക്കെ അറിയാരുന്നു ഞങ്ങളെ രണ്ടാളെയും വച്ചു കളിയാക്കി പറഞ്ഞിരുന്നത്. ബാക്കി ഉള്ളവരുടെ മുന്നില്‍ വച്ച് സ്വന്തം കൂട്ടുകാരി വീണ്ടും കളിയാക്കപ്പെടേണ്ട എന്നോര്‍ത്താവും അവനെന്നോട് മിണ്ടാന്‍ വരാത്തത്.

“ടീച്ചറേ, സ്റ്റോപ്പ്‌ എത്താറായി.” കണ്ടക്ടറുടെ ശബ്ദം കേട്ടാണ് ഞാന്‍ ഞെട്ടിയത്.
കണ്ണ് തുറന്നപ്പോള്‍ ആ കുട്ടിയും, അമ്മയും അവിടില്ലാരുന്നു.
“ഇവിടിരുന്ന ആ കുട്ടി?” ഞാന്‍ ഇത്തിരി ജിജ്ഞാസയോടെ ആണത് ചോദിച്ചത്.
“ടീച്ചര്‍ക്ക്‌ അവരെ അറിയുമായിരുന്നോ?”
“ഏയ്. ഇല്ല”
“അവര് നേരത്തേ ഇറങ്ങിയിരുന്നു. പത്തൊന്‍പതാം മൈലില്‍”
“ഉം” ഞാന്‍ വെറുതെ മൂളി.

ബസ്സിറങ്ങി വേഗം നടന്നു. ചെറിയ ചാറ്റല്‍ മഴ ഉണ്ടാരുന്നെങ്കിലും കുട തുറക്കാന്‍ മനസ്സ് സമ്മതിച്ചില്ല. കാണാന്‍ വന്നവരൊക്കെ വീട്ടില്‍ എത്തീട്ടുണ്ടാവുമോ?
ഇടവഴിയും പിന്നിട്ട്, കനാലിന്റെ സൈഡിലൂടെ നടക്കുമ്പോള്‍ മനസ്സില്‍ വെറുതെ ഒരു തോന്നല്‍.
“ഇന്ന് എന്നെ കാണാന്‍ വന്നവര്‍ വിവേകിന്റെ പാരെന്റ്സ്‌ ആവുമോ?”
അമ്മയെ വിളിച്ചു ചോദിയ്ക്കാന്‍ തോന്നിയില്ല. ഞാന്‍ നടത്തത്തിന് വേഗത കൂട്ടി....

Saturday, November 6, 2010

എക്സാം ഹാളിലെ അത്ഭുതജീവി

ഞാന്‍ ബി.ടെക്കിന് പഠിക്കുന്ന കാലഘട്ടം. എന്റെ കുടുംബമാകുന്ന വൃക്ഷത്തില്‍ ഒരില പോലും എഞ്ചിനീയര്‍ അല്ലാത്തതുകൊണ്ട് എനിക്ക് എഞ്ചിനീയറിംഗ് പഠനം എന്നത് ഏതാണ്ട് ഇരിട്ടി-മട്ടന്നൂര്‍ റോഡ്‌ പോലെ സ്മൂത്ത് ആയിരുന്നു. ഒരു സെമസ്റ്ററില്‍ എത്ര സബ്ജെക്റ്റ് ഉണ്ടെന്ന് ആരേലും ചോദിച്ചാല്‍ എന്നെ സംബന്ധിച്ച് ഉത്തരമായി സപ്പ്ളി-യുടെ എണ്ണം പറഞ്ഞാല്‍ മതി ആയിരുന്നു. അത്രയ്ക്ക് മിടുക്കനായിരുന്ന, ഇന്ത്യയുടെ അഭിമാനമാകാന്‍ പോകുന്ന ഒരുവനായിരുന്നു ഞാന്‍ .ജയിക്കണമെന്ന അതിയായ മോഹവുമായി ഞാന്‍ സപ്പ്ളി എഴുതുക എന്ന കലാപരിപാടി മുടങ്ങാതെ നടത്തുമായിരുന്നു. എനിക്ക് പലപ്പോഴും തോന്നീട്ടുണ്ട്, എന്നെ പോലെ ഈ സപ്പ്ളി എഴുതുന്നവര്‍ അല്ലേ CUSAT ന് വേണ്ട ധനം സമാഹരിച്ചു കൊടുക്കുന്നതെന്ന്. ഒരു യൂണിവേഴ്സിറ്റി നടത്തിക്കൊണ്ട് പോകുന്നതില്‍ ഞാന്‍ അഭിമാനാര്‍ഹമായ സംഭാവന ആയിരുന്നു നല്‍കിയിരുന്നത്-സപ്പ്ളിക്ക് ഫീസ്‌ അടക്കുക വഴി.

അന്നൊരു ചൊവ്വാഴ്ച ആയിരുന്നു. “അതിനെന്തേ?” എന്ന് ചോദിച്ചാല്‍ ഒന്നുമില്ല. അന്നൊരു ചൊവ്വാഴ്‌ച ആയിരുന്നു അത്ര തന്നെ. 501 എഞ്ചിനീയറിംഗ് മാത്തെമാറ്റിക്സ് IV അതായിരുന്നു അന്നത്തെ കലാപരിപാടിയുടെ പേര്. ഒരുമാതിരി 501 ബാര്‍സോപ്പ് പോലെ തന്നെ ആയിരുന്നു എനിക്കാ വിഷയം. വല്ലാത്ത വഴുക്കലാണ് അതിന്‌. ഓരോ പ്രാവശ്യവും സപ്പ്ളി റിസള്‍ട്ട്‌ വരുമ്പോള്‍ ഒന്നും,രണ്ടും മാര്‍ക്കിന് അത് എന്റെ ലോലമായ കരങ്ങളില്‍ നിന്ന് വഴുതി പോയിരുന്നു. പതിവുപോലെ എല്ലാം ഹൃദിസ്ഥമാക്കി, ബസ്സ്‌സ്റ്റാന്‍ഡില്‍ കടല,കടലേയ് എന്ന് പറയുന്ന പോലെ വീണ്ടും വീണ്ടും പഠിച്ചതൊക്കെ മനസ്സില്‍ ഉച്ചത്തില്‍ വിളിച്ചു കൂകി ഞാന്‍ എക്സാം ഹാള്‍ ലക്ഷ്യമാക്കി നടന്നു. എല്ലാം കണ്ടു പിടിച്ചു. ഇരിക്കേണ്ട സ്ഥലവും, എന്നെ പോലെ ആ ഹാളില്‍ സന്ദര്‍ശനത്തിനു വന്ന ബാക്കി മഹാന്മാരെയും. പിന്നെ ഒരു കാര്യം കൂടി ഞാന്‍ കണ്ടു പിടിച്ചു അന്ന്. ആ ഹാളില്‍ സ്ത്രീ സാമീപ്യം ഇല്ല എന്നും. അതെന്നെ മീന്കാരന്റെ കൊട്ടയില്‍ ആര്‍ത്തിയോടെ നോക്കിയ പൂച്ച കുറേ ഐസ് കഷണങ്ങള്‍ മാത്രം കണ്ട അവസ്ഥയിലാക്കി.  എങ്കിലും അവിടെ സന്നിഹിതരായിട്ടുള്ള എല്ലാവരെയും മനസ്സുകൊണ്ട് നമസ്ക്കരിച്ചു ഞാന്‍ എന്റെ പീഠത്തില്‍ ഇരിപ്പുറപ്പിച്ചു.


എക്സാം തുടങ്ങി. പത്തു നാല്‍പ്പത് പേര്‍ക്കിരിക്കേണ്ട ആ ഹാളില്‍ അന്ന് ഏകദേശം പത്തു പതിനഞ്ചു പേരെ ഉണ്ടായിരുന്നുള്ളൂ. എക്സാം ഹാളില്‍ ഡ്യൂട്ടിക്ക് എനിക്കറിയാത്ത ഒരു പുതുമുഖമായിരുന്നു. ചോദ്യപേപ്പറില്‍ Poisson distribution, Simpson’s 1/3rd rule, Taylor’s series, Runge Kutta method എല്ലാം ഞാന്‍ തെളിഞ്ഞു കണ്ടു. എന്നെ പോലുള്ളവര്‍ക്ക് വല്ല പോയിസ്സനും ഡിസ്ട്രിബ്യൂട്ട് ചെയ്യുകയായിരുന്നു ഇതിലും നല്ലത്. എന്തൊരു ചോദ്യങ്ങള്‍!!!.സത്യന്‍ അന്തിക്കാടിന്റെ പടത്തിന് ടിക്കെറ്റ്‌ എടുത്തിട്ട് ഷാജി കൈലാസിന്റെ പടം കണ്ട അവസ്ഥയായിരുന്നു എന്റേത്. നാട്ടിലെ ഓലമേഞ്ഞ പള്ളിക്കൂടത്തില്‍ എന്റെ കൂടെ പഠിച്ച സിംപ്സണെ അന്നാദ്യമായി ഞാന്‍ ഓര്‍ത്തു. നാട്ടിലെ ടെയിലെറുടെ പേര് ശിവന്‍കുട്ടി എന്നലാതെ വേറൊരു ടെയിലെറെയും, അയാളുടെ സീരീസ്‌ നെക്കുറിച്ചും എന്റെ തലയില്‍ കത്തിയില്ല. Runge Kutta method എന്ന് വായിക്കുമ്പോള്‍ തന്നെ പണ്ട് കണ്ട ഒരു ഇംഗ്ലീഷ് പടത്തില്‍ ഒരാന്ഗുട്ടാന്‍ നെഞ്ചില്‍ മുഷ്ട്ടി ചുരുട്ടി ഇടിക്കുന്നതാണ് ഓര്‍മ്മ വന്നത്.അങ്ങിനെ ചോദ്യപേപ്പറും ഞാനും പവിഴമല്ലി പൂത്തുലഞ്ഞ നീലവാനം എന്ന പാട്ടും പാടി മരം ചുറ്റി പ്രേമം നടത്തുമ്പോഴാണ് പെട്ടെന്ന് പരിചിതമായ ഒരു ശബ്ദം കേട്ട് ഞാന്‍ ഞെട്ടിയത്, കാന്റീനിലെ സാമ്പാറില്‍ വെള്ളം കുറഞ്ഞത് കണ്ടു പണ്ട് ഞെട്ടിയപോലെ. ഏറ്റവും മുന്നിലെ ബെഞ്ചില്‍ ആയിരുന്ന ഞാന്‍ തിരിഞ്ഞു നോക്കി. ആ ശബ്ദത്തിനുടമയെ അവിടെ എങ്ങും കണ്ടില്ല. ദുഖഭാരത്താല്‍ വീണ്ടും ഞാന്‍ ചോദ്യപേപ്പറിലേക്ക് ഊളിയിട്ടു. ഏകദേശം ഒരു പതിനഞ്ചു മിനുട്ട് കഴിഞ്ഞിട്ടുണ്ടാകും. ഞാന്‍ കേട്ടു. വീണ്ടും ആ പഴയ ശബ്ദം, അതെ അത് തന്നെ. മനസ്സിനെ കുളിരണിയിച്ച അതേ ശബ്ദം. ഞാന്‍ പെട്ടെന്ന് എന്റെ ജിജ്ഞാസ അടക്കാന്‍ വയ്യാഞ്ഞിട്ട് ചാടി എണീറ്റു പുറകിലേക്ക് നോക്കി. പാടത്ത് നോക്കുകുത്തി നില്‍ക്കുന്നപോലെയുള്ള എന്റെ നില്‍പ്പ് കണ്ടിട്ട്  എക്സാം ഡ്യൂട്ടിക്ക് വന്ന സാറ് എന്നോട് ഇങ്ങനെ പറഞ്ഞു. “ഡോ, അഡീഷണല്‍ ഷീറ്റ്‌സ് തന്റെ മുന്നില്‍ തന്നെയുണ്ട്. വേണേല്‍ എടുത്തോ.” സാറെ നോക്കി ഒരു വളിച്ച ചിരിയുമായി ഞാന്‍ ഇരുന്നു. ആ ഹാളില്‍ ഉള്ള മഹാന്മാര്‍ അടൂര്‍ ഗോപാലകൃഷ്ണന്റെ പടത്തില്‍ കോമഡി കേട്ടപോലെ എന്നെ തുറിച്ചു നോക്കി. “എന്താടാ, എനിക്കൊന്നും അഡീഷണല്‍ ഷീറ്റ്‌സ് മേടിച്ചുകൂടെ, ഇതൊക്കെ നിന്റെ അപ്പന്മാരുടെ പ്രസ്സില്‍ അച്ചടിച്ചുണ്ടാക്കിയതാണോ” എന്ന് മനസ്സില്‍ ചോദിച്ചു ഞാന്‍ സംതൃപ്തി അടഞ്ഞു. സത്യത്തില്‍ ഞാന്‍ അഡീഷണല്‍ ഷീറ്റ്‌സ്ന് വേണ്ടി അല്ല എണീറ്റത് എന്ന് എനിക്ക് മാത്രമേ അറിയാമായിരുന്നുള്ളൂ.


പക്ഷേ, ഞാന്‍ സന്തോഷവാനായിരുന്നു. തേര്‍ഡ്‌ സെമസ്റ്ററിലെ ECLD ലാബില്‍ ഞാന്‍ പോലും അറിയാതെ CRO-യില്‍ SQUARE വേവ് തെളിഞ്ഞു വന്നപ്പോള്‍ നടന്നപോലെ എന്റെ മനസ്സ് വീണ്ടും സന്തോഷത്താല്‍ ബ്രേക്ക്‌ഡാന്‍സ് കളിച്ചു. കാരണം ഇത്രയേ ഉള്ളൂ- ആ ശബ്ദവീചികളുടെ ഉത്ഭവ കേന്ദ്രം ഞാന്‍ കണ്ടു പിടിച്ചിരുന്നു. അതെ, സ്നൈക്ക്‌ ഗെയിം കളിക്കുമ്പോള്‍ ഓരോ പോയിന്റ്‌ നേടുമ്പോഴും ഉള്ള ആ ശബ്ദമാധുര്യം എന്റെ എക്സാം ഹാളിലെ സാറിന്റെ നോക്കിയ-3310ല്‍ നിന്നാണ് വന്നിരുന്നത്. എക്സാം ഡ്യൂട്ടിക്ക് വന്നിട്ട്, അഡീഷണല്‍ ഷീറ്റ്‌സ് തരാന്‍ പോലും എണീക്കാന്‍ കൂട്ടാക്കാതെ സ്നൈക്ക്‌ ഗെയിം കളിച്ചു കൊണ്ടിരുന്ന ആ അദ്ധ്യാപകനെ ഞാന്‍ യൂനിഫോര്‍മിട്ടു കൈ കാണിക്കുമ്പോള്‍ നിര്‍ത്തിയ ബസ്സിനെ നോക്കിയപോലെ കണ്ണിമ ചിമ്മാതെ തുറിച്ചു നോക്കി. ഒരു കാര്യം ചെയ്യുമ്പോള്‍ അതില്‍ നൂറു ശതമാനം കോണ്‍സെന്‍ട്രൈറ്റ് ചെയ്യണമെന്ന് ബസ്സ്‌സ്റ്റോപ്പിലെ വായിനോട്ടത്തിനിടയില്‍ ഒരുത്തന്‍ പറഞ്ഞതിന്റെ പൊരുള്‍ ഇന്നാണ് എനിക്ക് മനസ്സിലായത്.


സമയം കുതിച്ചു പാഞ്ഞുകൊണ്ടിരുന്നു കണ്ണൂര്‍-കോഴിക്കോട് പാസ്സഞ്ചര്‍ പോലെ. ഓരോ പ്രാവശ്യവും ഒരു പോയിന്റ്‌ നേടി അടുത്തത്‌ നേടാന്‍ ആ അത്ഭുത അദ്ധ്യാപകന് മിനിമം പതിനഞ്ചു മിനിട്ട് വേണമായിരുന്നു. സൌണ്ട് പോലും മ്യൂട്ട് ചെയ്യാതെ ഗെയിം കളിച്ചു കൊണ്ടിരുന്ന അദ്ദേഹത്തോട് എന്തെന്നില്ലാത്ത ഒരു ആരാധന എന്റെ ഹൃദയത്തില്‍ തളിര്‍ത്തു. ഓരോ പോയിന്റ്‌ നേടുമ്പോഴും വസീം അക്രത്തിന്റെ പന്തില്‍ കുറ്റി പോവാതെ, പന്തില്‍ ബാറ്റു മുട്ടിച്ച വെങ്കിടേഷ് പ്രസാദിന്റെ മുഖഭാവമായിരുന്നു അദ്ദേഹത്തിന്‌. ലോകം കീഴടക്കിയ പോലെ. ഒരുവേള എക്സാം എഴുതാനാണോ അതോ പോയിന്റ്‌ എണ്ണാനാണോ വന്നതെന്ന് ശങ്കിച്ചിരിന്നുപോയി ഞാന്‍.


പരീക്ഷയുടെ മൂന്നു മണിക്കൂര്‍ കഴിഞ്ഞെന്നറിയിക്കാനായി മണി മുട്ടി. അപ്പോള്‍ പുറകില്‍ നിന്നൊരു ശബ്ദം- “എല്ലാവരും പേപ്പര്‍ കെട്ടി അവനവന്റെ സ്ഥലത്ത് വച്ചിട്ട് സ്ഥലം കാലിയാക്ക്.” ഞാന്‍ തിരിഞ്ഞു നോക്കി. അപ്പോഴും സ്നൈക്ക് ഗെയിം കളിച്ചു കൊണ്ടിരുന്ന ആ മഹാനെ എങ്ങനെ കാലിയാക്കണമെന്ന ചിന്തയുമായി, സ്നൈക്ക് ഗെയിം കളിച്ചു മൂപ്പര്‍ സമ്പാദിച്ചതിനെക്കാള്‍ കൂടുതല്‍ പൊയന്റ്സ് പരീക്ഷയില്‍ എനിക്ക് കിട്ടുമെന്ന അഭിമാനത്തോടെ നെഞ്ചും വിരിച്ചു ഞാന്‍ ഹാളില്‍ നിന്ന് പുറത്തിറങ്ങി- അടുത്ത സപ്പ്ളിക്കുള്ള തയ്യാറെടുപ്പോടെ.....

Friday, November 5, 2010

ഡെലിവറി റിപ്പോര്ട്ട് ‌

നിന്നോടെനിക്ക് സംസാരിക്കുവാന്‍ പേടി ആയിരുന്നു.
പകരം എന്റെ ഹൃദയസ്പന്ദനങ്ങള്‍ മെസ്സേജുകള്‍ എന്ന
ഗുളിക രൂപത്തില്‍ ആക്കി ഞാന്‍ നിനക്കയച്ചു.

ഞാന്‍ അയച്ച മെസ്സേജുകളും നീ തിരിച്ചയച്ച മറുപടികളും
നെറ്റ് വര്‍ക്കിന്റെ വലയില്‍ കുരുങ്ങി
എന്റെയും നിന്റെയും അടുത്ത് എത്താഞ്ഞപ്പോള്‍
എനിക്ക് നഷ്ടപെട്ടതെന്റെ ജീവിതമായിരുന്നു.

ഈ ലോകത്തിലെ എല്ലാ ഫോര്‍വേഡ് മെസ്സേജുകളും
ഡെലിവേഡ് ആകുമ്പോള്‍, നിനക്കയച്ചതുമാത്രമെന്തേ
പെന്ടിംഗ് ആവുന്നു?

മെസ്സെജുകള്‍ക്ക് അതിന്റെ കാമ്പ് അനുസരിച്ച്
പരിഗണന എങ്കിലും കൊടുക്കേണ്ടേതില്ലേ?

പോസ്റ്റ്‌ ഓഫീസില്‍ സാദാപോസ്റ്റ്‌, സ്പീഡ്‌പോസ്റ്റ്‌, ടെലെഗ്രാം
ഇതൊക്കെ ഉള്ളതാണെന്ന് അറിയില്ലേ നിങ്ങള്‍ക്ക്?
എന്നിട്ടും എന്തേ എന്റെ മൊബൈല്‍ കടവുള്‍കളെ
നിങ്ങളിതൊന്നും എനിക്ക് തരാത്തത്?

ഹൃദയം മുറിച്ചു മെസ്സേജുകള്‍ ആക്കുമ്പോള്
ഞാന്‍ അനുഭവിച്ച വേദന എന്നെങ്കിലും നിങ്ങള്‍ക്ക്
മനസ്സിലാവുമോ എന്റെ കസ്റ്റമര്‍കെയര്‍ എക്സിക്യൂട്ടീവ്മാരെ?

പരിധിയില്ലാത്ത വിളികളും, മെസ്സേജുകളും നിങ്ങളെനിക്കുതരുമ്പോള്‍
പരിധിയുള്ളതെങ്കിലും എത്തേണ്ടിടത്ത് എന്റെ
സര്‍വീസ് പ്രൊവൈഡര്‍ എത്തിച്ചിരുന്നതെങ്കില്‍
ഞാനും വിളിക്കുമായിരുന്നു പരിധിയില്ലാത്ത വിളികള്‍.

സമര്‍പ്പണം
     ഈ മൊബൈല്‍ ലോകത്ത്‌ ഒരിക്കലെങ്കിലും കാമ്പുള്ള മെസ്സേജ് അയച്ചവര്‍ക്ക്!!!

Tuesday, July 20, 2010

മഴ


- അത് ചിലര്‍ക്ക് ഉണര്‍വ്വാണ്, ഉയിരാണ്.
        ചിലര്‍ക്ക് ഉന്മാദമാണ്‌, ഊര്‍വ്വരതയാണ്. 

മഴ - അത് ചിലര്‍ക്ക് ഓര്‍മയാണ്, ഓര്‍മപ്പെടുത്തലാണ്.
         ചിലര്‍ക്ക് പുതുമയാണ്, തെളിമയാണ്.

മഴ - അത് ചിലര്‍ക്ക് കനവാണ്, നിനവാണ്.
         ചിലര്‍ക്ക് പ്രിയമാണ്, പ്രണയമാണ്.

മഴ - അത് ചിലര്‍ക്ക് മരവിപ്പാണ്, മരണമാണ്.
         ചിലര്‍ക്ക് വിരഹമാണ്, വിങ്ങലാണ്.

മഴ -  അത് ചിലര്‍ക്ക് വറുതിയാണ്, കെടുതിയാണ്.
          ചിലര്‍ക്ക് നഷ്ടപ്പെടലാണ്, കഷ്ടപ്പെടലാണ്.

മഴ -  അത് ചിലര്‍ക്ക് വെറുപ്പാണ്, കലര്‍പ്പാണ്.
         ചിലര്‍ക്ക് ഏകാന്തതയാണ്, നിതാന്തയാണ്. 

മഴ - എനിക്ക് മെഴുകുതിരി വെട്ടത്തില്‍ ഉണ്ണലാണ്.
മഴ - എനിക്ക് കട്ടിപുതപ്പില്‍ മൂടി പുതച്ചുറങ്ങലാണ്.
മഴ - എനിക്ക് ഭ്രമമാണ്, ഭ്രാന്തും. 

Sunday, July 18, 2010

മരണവീട്ടിലെ കോമാളികള്‍


അന്ന് രാവിലെ എന്‍റെ മരണം നടന്നു.വരേണ്ടവരെല്ലാം, അല്ല വരാന്‍ പറ്റുന്നവരെല്ലാം വൈകിട്ട് ആയപ്പോഴേക്കും എത്തി. എന്നെ പുതപ്പിച്ചു മൂടിയത് മുതല്‍ തുടങ്ങിയ കരച്ചില്‍, പലതും പറഞ്ഞുള്ള കരച്ചില്‍, തേങ്ങല്‍, വിങ്ങി പൊട്ടല്‍..എല്ലാം സാധാരണ മരണ വീട്ടില്‍ കാണുന്ന അതേ സംഗതികള്‍. എന്നെ കൊണ്ടുപോകാന്‍ സമയം ആയി. കുറേ നേരം ആയി ഞാന്‍ സഹിക്കുന്ന വൃത്തികെട്ട മണമുള്ള റീത്തുകള്‍ ആരോ എന്‍റെ മേലെ നിന്നു മാറ്റി. താങ്ക്സ് ഡിയര്‍...എനിക്കേ പരിചയമില്ലാത്ത കുറേ പേര്‍ വച്ച അത് ദേഹത്തു നിന്ന് മാറ്റി തന്നതിന്. കരച്ചിലുകളുടെ താളം മാറി, ഭാവവും. അവസാനമായി ആര്‍ക്കെങ്കിലും കാണാനുണ്ടോ എന്ന് ഏതോ മഹാമനസ്ക്കന്‍ എല്ലാരോടും ആയി വിളിച്ചു ചോദിക്കുന്നുണ്ടായിരുന്നു. പലരും വന്നു. കെട്ടിപിടിച്ചു, ഉമ്മ തന്നു, എന്നെ പിടിച്ച് കുലുക്കി. എന്നെ കിടത്തിയ മേശപ്പുറത്തു നിന്ന് ഞാന്‍ താഴേക്കു വീണു നടു ഒടിയുമോന്നു തോന്നിപോയി പലപ്പോഴും. ആരൊക്കെയോ ബോധംകെട്ടു വീണു. കെട്ടിപിടിച്ചു കരഞ്ഞ പലരും പിടിവിട്ടില്ല. എങ്കിലും, എല്ലാവരെയും ആരും പെട്ടെന്ന് പിടിച്ച് മാറ്റിയില്ല. പക്ഷേ, പലരുടെയും പിടി വീണത്‌ എന്‍റെ കഴുത്തില്‍ തന്നെ ആയിരുന്നു. വല്ലാത്ത ഒരു ശ്വാസംമുട്ടല്‍. ശ്വാസം മുട്ടി ഒരു വേള ചുമച്ചു പോകുമോന്നു വരെ ഞാന്‍ ഭയപ്പെട്ടു. ഭാഗ്യത്തിന് (എന്‍റെ അല്ല, അവിടെ കൂടി നില്‍ക്കുന്നവരുടെ) അതുണ്ടായില്ല. അല്ലേല്‍ ചിലപ്പോ അത് കണ്ടിട്ട് അവിടെ ഉള്ള മിക്കവരുടെയും കാറ്റ് പോയേനെ.
കുറച്ചു പേര്‍ പിന്നീട് പട്ട് പുതപ്പിച്ചു. ആരോ ഒരു വീതിയുള്ള പലക കൊണ്ടു വന്നു. എന്നെ അതിന്റെ മേലെ വച്ചു. അത് കഴിഞ്ഞ് ഒരു വെള്ള തുണി കീറി എന്നെ അങ്ങ് മുറുക്കെ കെട്ടി ആ പലക ചേര്‍ത്ത്. സത്യത്തില്‍ അത് കുറച്ചു കടന്ന കൈ ആയിപ്പോയി. ഒരുമാതിരി എന്താ പറയുക? ആഹ്ഹ...ലോറിയില്‍ തടി കയറ്റിയതിനു ശേഷം കയറിട്ട് എല്ലാ സൈഡില്‍ നിന്നും മുറുക്കുന്ന ഒരു പരിപാടി ഇല്ലേ? അത് പോലെ. ദഹിപ്പിക്കുന്ന സ്ഥലം വരെ കൊണ്ടു പോകാന്‍ എളുപ്പത്തിനോ, അതോ ഞാന്‍ ഇറങ്ങി ഓടുന്നത് തടയാനോ? എന്തിനാണെന്ന് ആദ്യം മനസിലായില്ല. പിന്നെ മനസ്സിലായി രണ്ടാമത്തേതാണ് കാര്യമെന്ന്. കാരണം എന്നെ കത്തിക്കാനുള്ള സ്ഥലം വീട്ടിന്റെ തൊട്ടടുത്താണ്. ഏകദേശം ഒരു ഇരുപതു മീറ്റര്‍. അത്ര ദൂരമേ അങ്ങോട്ടുള്ളൂ. അവിടേക്ക് ഇങ്ങനെ വരിഞ്ഞു മുറുക്കി കൊണ്ടു പോകേണ്ട കാര്യമൊന്നുമില്ലല്ലോ?

പിന്നെ കുറച്ചു പേര്‍ ചേര്‍ന്ന് എന്നെ എടുത്തു കൊണ്ടുപോയി വിറകിന്റെ മേലെ കിടത്തി. അതുവരെ കാര്യങ്ങള്‍ ഓക്കേ ആയിരുന്നു. പിന്നീട് ആരൊക്കെയോ ചേര്‍ന്ന് എന്‍റെ മേലെ ചിരട്ടയും, ചകിരിയും അടുക്കി വച്ചു. നന്നായി പകുത്ത തെങ്ങിന്‍ തടികള്‍ അതിന്റെ വശങ്ങളിലും മുകളിലുമായി വച്ചു. അതൊക്കെ മറിഞ്ഞു വീഴാതിരിക്കാന്‍ എല്ല സൈഡില്‍ നിന്നും താങ്ങ് കൊടുത്തു. അത് കഴിഞ്ഞ് ചന്ദനത്തിരികളും, തെങ്ങിന്‍ തടികള്‍ക്ക് ഇടയിലൂടെ കാണുന്ന ചകിരികള്‍ക്ക് മേല്‍ കുറച്ചു കര്‍പ്പൂരവും വച്ചു. പിന്നീട് പനിനീരും തളിച്ചു. പക്ഷേ, എന്നെ കത്തിക്കാന്‍ കൊണ്ടു കിടത്തിയത്‌ മുതല്‍ അവിടെ കാര്യങ്ങള്‍ നടത്തിയത് എനിക്കറിയാത്ത കുറേ ആള്‍ക്കാര്‍ ആയിരുന്നു. എല്ലാവരും നന്നായി മിനുങ്ങിയിട്ടുമുണ്ടായിരുന്നു. പൊട്ടിച്ചിരികള്‍, അട്ടഹാസങ്ങള്‍, അനവസരത്തിലുള്ള തമാശകള്‍, പിന്നെ കുറേ കോപ്രായങ്ങള്‍...... എന്നെ ഇഷ്ടപെടുന്ന കുറേ പേര്‍ എനിക്കും ചുറ്റും ഉണ്ടെന്ന് അവര്‍ ഒരിക്കല്‍ പോലും ശ്രദ്ധിച്ചില്ല. എന്‍റെ ചിതയ്ക്ക് തീ കൊളുത്തുന്ന നേരത്ത് പോലും അവരുടെ കലാപരിപാടികള്‍ക്ക് മാറ്റം ഒന്നുമുണ്ടായില്ല. എല്ലാ മരണ വീടുകളിലും ഇതേ പോലെ ചിതയൊരുക്കി ദഹിപ്പിക്കുന്നവര്‍ കാണും. അവരല്ലാതെ വേറെ ആരും ഇതൊക്കെ ചെയ്യുകയും ഇല്ലെന്ന് അവര്‍ക്ക് നന്നായി അറിയാം. അതൊകൊണ്ട് തന്നെ അവര്‍ക്കാരുടെയും നഷ്ടങ്ങളും, സങ്കടങ്ങളും, വിതുമ്പലും ഒന്നും നോക്കേണ്ടതില്ലലോ. അതുവരെ എന്‍റെ പ്രിയപെട്ടവരെ വിട്ടു പിരിയുകയാണെന്ന് അറിഞ്ഞിട്ടും കരയാതിരുന്ന എന്‍റെ കണ്ണുകള്‍ നിറഞ്ഞൊഴുകി. മരണ വീട്ടിലെ കോമാളികളെ കണ്ട് !!!

Thursday, May 20, 2010

ശവക്കല്ലറയില്‍ മഴ പെയ്യുമ്പോള്‍ ......

എന്നോട് പലരും ചോദിച്ചിട്ടുണ്ട് എന്തേ ഈ ബ്ലോഗിന് ഇങ്ങനൊരു പേര്- "Rain On the Grave".
സത്യത്തില്‍ ഈ പേര് ഒരു കോളേജ് മാഗസിന്റെ പേരായിരുന്നു.കാലിക്കറ്റ്‌ യൂണിവേഴ്സിറ്റി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എഞ്ചിനീയറിംഗ് ആന്‍ഡ്‌ ടെക്നോളജി (CUIET) എന്ന എഞ്ചിനീയറിംഗ് കോളേജിന്റെ 2004 ലെ കോളേജ് മാഗസിന്റെ പേര് .
അവിടെ ഞാന്‍ ലക്ചറര്‍ ആയിരുന്നപ്പോള്‍ എന്‍റെ കുറേ ശിഷ്യഗണങ്ങളും, അല്ലാത്തവരും ആയ കുറേ നല്ല പിള്ളേര്‍ ലാന്‍ഡ്‌സ്കേപ് ഓറിയെന്റെഷനില്‍ പുറത്തിറക്കിയ ഒരു മാഗസിനായിരുന്നു-Rain On the Grave.
അതില്‍ ഇങ്ങനെ എഴുതിയിരുന്നു.

"മഴ.
കല്ലറകള്‍ കാതോര്‍ക്കുന്നു.
നിശ്വാസങ്ങളുടെ ആവേശം.
ഫീനിക്സുകളുടെ ചിറകടി.
ശിലാഫലകങ്ങള്‍ക്ക് ചിന്തകളെ
തടഞ്ഞു നിര്‍ത്താനാവില്ലലോ.
ഇനി നീ ഉണര്‍ന്നേ മതിയാവൂ.
പുതിയ പ്രഭാതം നിന്നെ വിളിക്കുന്നു.
ടോളമിയുടെ മസ്തകത്തില്‍ ചവിട്ടി നിന്നുകൊണ്ട്‌
ഗലീലിയോ പണ്ടൊരു ദൂരദര്‍ശിനി സ്ഥാപിച്ചിട്ടുണ്ട്.
നമുക്ക് അതിലൂടെ പ്രപഞ്ചത്തിനപ്പുറത്തേക്ക് നോക്കാം.
വരൂ......"

അവര്‍, ആ കുട്ടികള്‍ പറഞ്ഞത് ശരി ആണ്. അതെ, ശവക്കല്ലറയില്‍ മഴ പെയ്യുന്നു....
പെയ്തു തോര്‍ന്ന കണ്ണീരിനും , ആര്‍ത്തലച്ച രോദനങ്ങള്‍ക്കും മീതെ...ചോര കിനിയുന്ന ഹൃദയ മുറിപ്പാടുകള്‍ക്കും, ഒറ്റപെടലിന്റെ നിസ്സഹായതയ്ക്കും മീതെ....
ശവക്കല്ലറയില്‍ മഴ പെയ്യുന്നു.
ഇനിയെങ്കിലും നീ ഉണര്‍ന്നേ മതിയാവൂ.
നിന്റെ ചിന്തകളുടെ പ്രകമ്പനങ്ങള്‍ എനിക്കാവശ്യമുണ്ട്. നിന്റെ വാക്കിന്റെ മൂര്‍ച്ച എനിക്കാവശ്യമുണ്ട്.
യാന്ത്രികമായ വ്യവസ്ഥിതിയുടെ മസ്തകത്തില്‍ ചവിട്ടി നിന്നുകൊണ്ട് , നിയന്ത്രിത ലോകത്തിനപ്പുറത്തേക്ക് പലരുടെയും കാഴ്ച എത്തിക്കാന്‍ എനിക്ക് നിന്റെ കണ്ണുകള്‍ ആവശ്യമുണ്ട്.
ശവക്കല്ലറയില്‍ ഇതാ മഴ പെയ്യുന്നു....ഇനി നീ ഉണര്‍ന്നേ മതിയാവൂ എന്‍റെ സുഹൃത്തേ...........