“ഡീ കാര്‍ത്തൂ, നിനക്കാ ഫോണ്‍” ഹേമ വിളിച്ചു പറഞ്ഞു.
“ഈ അമ്മയ്ക്കെന്താ എന്‍റെ മൊബൈലില്‍ വിളിച്ചാല്‍ പോരെ. എന്തിനാ ഈ കുന്തത്തിലേക്ക് വിളിക്കുന്നേ?” സീറ്റില്‍ നിന്ന് എണീറ്റ് ഹേമയുടെ നേരെ നടക്കുമ്പോള്‍ ഞാന്‍ മനസ്സില്‍ പിറുപിറുത്തു.
“മോളേ, നിന്റെ മൊബൈല്‍ എവിടെയാ? ഞാന്‍ കുറേ നേരമായി അതില്‍ ട്രൈ ചെയ്യുന്നു.”
“എന്‍റെ മൊബൈല്‍........ Oh no.”
“എന്തേ? കൊണ്ട് കളഞ്ഞാ?”
“യേയ്. കളഞ്ഞിട്ടൊന്നുമില്ല. അത് സൈലന്റ് ആക്കി ബാഗില്‍ ഇട്ടാരുന്നു രാവിലെ. ഓരോരുത്തന്മാര്‍ വിളിച്ചോണ്ടിരിക്കും രാവിലെ തന്നെ. ടീച്ചറേ, ഇപ്രാവശ്യമെങ്കിലും കനകനിധിയില്‍ ചേരണേ, LIC എടുക്കണേ, ആന എടുക്കണേ, ചേന എടുക്കണേ. അല്ല ഇവന്മാര്‍ക്കെല്ലാം എന്റെ നമ്പര്‍ എവിടുന്നാ കിട്ടുന്നേ?”
ഹേമ അവിടിരുന്നു ചിരിക്കുന്നു. നീ ആണോടീ മാക്രീ എന്റെ നമ്പര്‍ കൊടുത്തത്. എന്റെ കണ്ണുരുട്ടല്‍ കണ്ടപ്പം അവളുടെ ചിരി നിന്നു.
“മോളൂ, അത് പോട്ടെടാ. നീ ഇന്ന് നേരത്തെ സ്കൂളില്‍ നിന്ന് ഇറങ്ങുമോ?” കഴിഞ്ഞ ദിവസം അച്ഛന്‍ പറഞ്ഞില്ലേ, ഒരു ആലോചന. മുബൈയില്‍ വര്‍ക്ക് ചെയ്യുന്ന.......”
“ഹും. എന്തേ അവന്‍ ചത്തോ?”
“നിനക്കെന്തിനാ ഇങ്ങനെ ദേഷ്യം? കല്യാണം എന്ന് കേള്‍ക്കുമ്പോ തൊടങ്ങും പെണ്ണിന്.... നീ നേരത്തെ വരുവോ ഇല്ലയോ?”
അമ്മയ്ക്ക് ദേഷ്യം വരാന്‍ തുടങ്ങി എന്ന് എനിക്ക് മനസ്സിലായി.
“എന്റെ അമ്മേ, ഞാന്‍ വരാം. ഒരിത്തിരി പണികൂടി ഉണ്ട്. ഇന്നത്തെ എന്റെ ക്ലാസ്സൊക്കെ കഴിഞ്ഞു. ഇനി ആ പുഷ്പ ടീച്ചറോട് ഒന്ന് ചോദിച്ച് ഇറങ്ങണം. അത്രേ ഉള്ളൂ. പിന്നെ....”
“എന്തേ?”
“എന്നെ ഇപ്പൊ തന്നെ നിങ്ങള്‍ക്ക് കെട്ടിച്ചയക്കണം. അല്ലേ?”
“പെണ്ണ് വീണ്ടും തൊടങ്ങിയല്ലോ”
“ഒന്നൂല്ല. ഞാന്‍ വരാം. ഓക്കേ?” ഞാന്‍ ഫോണ്‍ വച്ചു.
“ഇന്നേതാ, പുതിയ ആലോചന? എഞ്ചിനീയറോ അതോ ഡോക്ടറോ?” അതും പറഞ്ഞ് ഹേമ വീണ്ടും ചിരിക്കാന്‍ തുടങ്ങി.
“നിന്റെ ഈ ചിരിയൊക്കെ ഇപ്പം കല്യാണം കഴിഞ്ഞതിന്റെയാ. അതൊക്കെ പെട്ടെന്നങ്ങു തീരും മോളെ.”
“ഓ. കേട്ടാല്‍ തോന്നും നീ പത്ത് കെട്ടു കഴിഞ്ഞ ആളാണെന്ന്.” അവള്‍ വിട്ടു തരാന്‍ ഭാവമില്ല.
“പുതിയ പെണ്ണിന്റെ മണമൊക്കെ മാറുമ്പോ തൊടങ്ങും പ്രശ്നങ്ങള്‍” ഞാനും വിട്ടു കൊടുത്തില്ല.
“എന്നാല്‍ ഞാനങ്ങു സഹിച്ചു. വല്യൊരു സ്ത്രീ വിമോചക വന്നിരിക്കുന്നു.”
“സഹിച്ചേ നിവൃത്തി ഉള്ളൂ. കേട്ടാ എന്റെ ഹേമ കുട്ടീ.” അവളുടെ കവിള്‍ നുള്ളുന്നതിനിടയില്‍ ഞാന്‍ പറഞ്ഞു.
ഹേമ ഒരു പാവം കുട്ടിയാ. വെളുത്ത് മെലിഞ്ഞ ഒരു സുന്ദരിക്കുട്ടി. നമ്മുടെ സ്കൂളില്‍ ജോയിന്‍ ചെയ്തിട്ട് കുറച്ചു കാലമേ ആയിട്ടുള്ളൂ. ദേഷ്യം വരുമ്പോള്‍ അവളുടെ മുഖം ചുവക്കുന്നത് കാണാന്‍ വേണ്ടി മാത്രം ഞാന്‍ എന്നും അവളെ ചൂടാക്കാറുണ്ട്. ഹസ്ബന്റ് മര്‍ച്ചന്റ് നേവിയിലാ. മൂപ്പരുടെ ലീവ് ഇനി ഒരാഴ്ച കൂടിയേ ഉള്ളൂ. ആ ഒരു സങ്കടം അവള്‍ക്കിപ്പോ വല്ലാതുണ്ട്.
“ഡീ, ഞാനിറങ്ങുന്നു.” എന്റെ ബാഗുമായി ഞാന്‍ കസേരയില്‍ നിന്ന് എണീറ്റു.
“വരുന്ന ആള്‍ക്കാരെ പിള്ളേരെ പേടിപ്പിക്കുന്നപോലെ ഒന്നും പേടിപ്പിക്കല്ലേ. അവരും ജീവിച്ചു പോയ്ക്കോട്ടെ.”
“ഉം. നോക്കട്ടെ”
ബസ്സില്‍ കേറി ടിക്കറ്റ് എടുക്കുമ്പോള്‍ കണ്ടക്ടര്‍ ചോദിച്ചു “ടീച്ചറെന്തേ ഇന്ന് നേരത്തേ? സാധാരണ അടുത്ത ട്രിപ്പിനാണല്ലോ ഉണ്ടാവാറ്”
മറുപടി ആയി വെറുതെ ഞാന്‍ ചിരിച്ചു.
ഈ നാട്ടിന്‍പുറത്തെ യാത്രകളൊക്കെ എത്ര വ്യത്യസ്തമാ. എല്ലാര്ക്കും എല്ലാരേയും അറിയാം. ചെറിയ ചെറിയ കുശലാന്വേഷണങ്ങള്‍. ഒരു ദിവസം കണ്ടില്ലെങ്കില്‍, അടുത്ത ദിവസം കാണുമ്പോള്‍ “എന്ത് പറ്റി ഇന്നലെ?” എന്ന ചോദ്യത്തിലുള്ള സ്നേഹവായ്പ്പ്. കല്യാണം കഴിഞ്ഞ് ഏതെന്കിലും നഗരത്തിലെ സിറ്റി ബസ്സില്‍ ഇതൊക്കെ നടക്കുമോ. ഓര്‍ത്തു നോക്കിയപ്പോള്‍ എനിക്ക് തന്നെ ചിരി വന്നു.
ഇതുവരെ അറിയാത്ത ഒരാളെ കല്യാണം കഴിക്കുക. എന്ത് അസംബന്ധമായ കാര്യമാണത്. നിശ്ചയത്തിനു ശേഷം കുറച്ചു കാലം ഫോണില്‍ സംസാരിക്കുക. എന്നിട്ട്, കല്യാണ ദിവസം കിടക്ക പങ്കിടുക. ഫോണിലൂടെ കുറെ നേരം സംസാരിച്ചാല്‍ ഒരാളെ ശരിക്കും അറിയാന്‍ കഴിയുമെന്ന് പറയുന്നവര്‍ വിഡ്ഢികള്‍ അല്ലേ. സംസാരിക്കുമ്പോള്‍ കണ്ണില്‍ നോക്കി സംസാരിക്കണം. അപ്പോള്‍ അറിയാം ഒരാള്‍ പറയുന്നത് സത്യമാണോ കള്ളമാണോ എന്ന്. പഠിക്കുന്ന കാലത്ത് വലിയ വലിയ ഡയലോഗ്സ് അടിച്ച ഞാനും ഇതേ അസംബന്ധത്തിന് തല കുനിച്ചു കൊടുക്കണം. എനിക്കെന്നോട് തന്നെ പുച്ഛം തോന്നി.
“മോനവിടെ ഈ ചേച്ചീന്റെ കൂടെ ഇരുന്നോ. അമ്മ പുറകിലെ സീറ്റില്‍ ഇരുന്നോളാം.”
യൂനിഫോര്‍മിട്ട ഒരു കുട്ടിയെ എന്ടടുത്തിരുത്തി ആ അമ്മ പുറകിലെ സീറ്റില്‍ ഇരുന്നു.
അവനെ ചേര്‍ത്തു പിടിച്ചു ഞാന്‍ ചോദിച്ചു. “മോന്റെ പേരെന്താ?”
“നിവേദ് മോഹന്‍”
“എത്രേലാ പഠിക്കുന്നേ?”
“നാലില്”
“ഇന്ന് സ്കൂള്‍ നേരത്തേ വിട്ടോ?”
“ഇല്ല. എപ്പോഴും ചേച്ചീടെ കൂടെയാ വരുവാ. ഇന്ന് ചേച്ചി വന്നില്ല. അതോണ്ട് അമ്മ കൂട്ടാന്‍ വന്നതാ.” നേരത്തെ സ്കൂളില്‍ നിന്നറങ്ങിയതിന്റെ സന്തോഷം അവന്റെ കണ്ണില്‍ കാണാമായിരുന്നു.
“പൂ പറിക്കാന്‍ പോരുമോ?”
“പോരും അതിരാവിലെ.”
“ആരെ നിങ്ങള്‍ക്കാവശ്യം?”
“കാര്‍ത്തികയെ ഞങ്ങള്‍ക്കാവശ്യം” എന്നത്തെയും പോലെ വിവേക് വിളിച്ചു പറഞ്ഞു.
അതുകേള്‍ക്കേണ്ട താമസം ഹരി പറഞ്ഞു. “അല്ലെങ്കിലും അവനെന്നും അവളയേ വേണ്ടൂ. ഈ കളിയില്‍ മാത്രല്ല”
ചമ്മിയ മുഖത്തോടെ ഞങ്ങള്‍ പരസ്പരം നോക്കി ചിരിച്ചു.
വിവേക് കൃഷ്ണന്‍ അതായിരുന്നു അവന്റെ പേര്. വെളുത്ത്, സൈഡിലേക്ക് മുടി ചീകി, നെറ്റിയില്‍ ഒരു ചന്ദനപൊട്ടോടെ, വെള്ള ഷര്‍ട്ടും നീല ട്രൌസറും ഇട്ട് എന്റെ അതേ ക്ലാസ്സിലാരുന്നു അവന്‍. അധികം മെലിഞ്ഞിട്ടുമല്ല, തടിച്ചിട്ടുമല്ല. അവന്റെ കുടുംബം അമൃതാനന്ദമയിയുടെ ആരാധകരായിരുന്നെന്ന് തോന്നുന്നു. കൈ വിരലില്‍ അമൃതാനന്ദമയിയുടെ ചിത്രമുള്ള ഒരു ചുവന്ന പ്ലാസ്റ്റിക് മോതിരം കിടന്നിരുന്നു, കൈയ്യില്‍ ഒരു കറുത്ത ചരടും. ഒന്നു മുതല്‍ നാല് വരെ ഞങ്ങള്‍ ഒരുമിച്ചാണ് പഠിച്ചത്. അവന്റെ ചേച്ചിയും ആ സ്കൂളില്‍ തന്നെയാണ് പഠിച്ചിരുന്നത്. ആശ കൃഷ്ണന്‍ അവരുടെ പേരങ്ങനെയായിരുന്നു. അവര് രണ്ടാളും കുറച്ചു ദൂരെ നിന്നാണ് സ്കൂളിലേക്ക് വന്നിരുന്നത്. ഞങ്ങള്‍ക്കൊക്കെ നടക്കാനുള്ള ദൂരമേ സ്കൂളിലേക്ക് ഉണ്ടാരുന്നുള്ളൂ. സ്കൂള്‍ വിട്ട് ഞാന്‍ വീട്ടിലേക്ക് നടക്കുമ്പോള്‍ ബസ്സ്സ്റ്റോപ്പില്‍ ചേച്ചിയുടെ കൂടെ ബസ്സ് കാത്ത് നില്‍ക്കുന്ന അവന്‍ എന്നെ നോക്കി എന്നും ചിരിക്കാറുണ്ടാരുന്നു.
പഠിത്തത്തില്‍ ഞാനായിരുന്നു എന്നും ഫസ്റ്റ്. അവനെന്നും സെക്കന്റ് റാങ്കായിരുന്നു. പക്ഷേ, ക്ലാസ്സ് ലീഡര്‍ സ്ഥാനം ഞങ്ങള്‍ മാറി മാറി കൊണ്ട് നടന്നിരുന്നു. അവന്‍ ക്ലാസ്സ് ലീഡര്‍ ആവുമ്പോള്‍ ഞാന്‍ ഡെപ്യൂട്ടി. ചിലപ്പോള്‍ തിരിച്ചും. ഞങ്ങള്‍ രണ്ടിലും, മൂന്നിലുമൊക്കെ പഠിക്കുമ്പോള്‍ ക്ലാസ്സിലെ കുട്ടികളെ മിക്സ് ചെയ്ത് ഇരുത്തുമായിരുന്നു. ഒരു ബോയ് ഒരു ഗേള്‍ എന്ന രീതിയില്‍. അവന്ടടുത്ത് വേറെ ആരേലും വന്നിരുന്നാല്‍ എനിക്ക് കുശുമ്പ് ആയിരുന്നു അവളോട്. അവനും ഞാന്‍ തന്നെ കൂടെ വരാന്‍ ആഗ്രഹിക്കാറുണ്ടെന്ന് അവന്റെ കണ്ണ് നോക്കുമ്പോള്‍ തന്നെ എനിക്കറിയായിരുന്നു.
ഞങ്ങളുടേത് ഒരു യു.പി. സ്കൂള്‍ ആയിരുന്നു. ഒന്ന് മുതല്‍ ഏഴാം ക്ലാസ് വരെയെ അവിടുണ്ടാരുന്നുള്ളൂ. വിവേകിന്റെ ചേച്ചി ഏഴ് പാസ്സായപ്പോള്‍ അവരുടെ കൂടെ അവനും ടി.സി. മേടിച്ചു. ചേച്ചിയുടെ കൂടെ വേറെ സ്കൂളില്‍ ചേരാന്‍. അവന്‍ അപ്പോള്‍ നാല് പാസ്സായതേ ഉള്ളൂ. അന്നാദ്യമായി ആ ചേച്ചിയോടെനിക്ക് ദേഷ്യം തോന്നി. ആശ ചേച്ചി സ്കൂള്‍ ലീഡര്‍ ആവാന്‍ മത്സരിക്കുന്ന സമയത്ത് ഞാന്‍ ക്യാംപയിന്‍ നടത്താനൊക്കെ ഇറങ്ങിയിരുന്നു. വിവേകിന്റെ ചേച്ചി ആണല്ലോന്ന് വിചാരിച്ച്. എന്നിട്ട് അതേ ചേച്ചി കാരണം അവന്‍ സ്കൂള്‍ മാറിപോവുന്നു.
അവന്‍ ടി.സി. വാങ്ങി പോയതിനു ശേഷം, പിന്നീടും ഞാനവനെ കണ്ടിട്ടുണ്ട്. യു.എസ്.എസ്, യുറീക്ക, തളിര്‍ തുടങ്ങിയ പരീക്ഷകള്‍ എഴുതാന്‍ ഓരോ സ്കൂളില്‍ പോകുമ്പോഴും അവനെ ഞാന്‍ കണ്ടിരുന്നു. പക്ഷേ മിണ്ടാന്‍ ഞങ്ങള്‍ക്ക് ചമ്മലാരുന്നു. എന്റെ കൂടെ പരീക്ഷക്ക് വന്നവര്‍ക്കൊക്കെ അറിയാരുന്നു ഞങ്ങളെ രണ്ടാളെയും വച്ചു കളിയാക്കി പറഞ്ഞിരുന്നത്. ബാക്കി ഉള്ളവരുടെ മുന്നില്‍ വച്ച് സ്വന്തം കൂട്ടുകാരി വീണ്ടും കളിയാക്കപ്പെടേണ്ട എന്നോര്‍ത്താവും അവനെന്നോട് മിണ്ടാന്‍ വരാത്തത്.
“ടീച്ചറേ, സ്റ്റോപ്പ് എത്താറായി.” കണ്ടക്ടറുടെ ശബ്ദം കേട്ടാണ് ഞാന്‍ ഞെട്ടിയത്.
കണ്ണ് തുറന്നപ്പോള്‍ ആ കുട്ടിയും, അമ്മയും അവിടില്ലാരുന്നു.
“ഇവിടിരുന്ന ആ കുട്ടി?” ഞാന്‍ ഇത്തിരി ജിജ്ഞാസയോടെ ആണത് ചോദിച്ചത്.
“ടീച്ചര്‍ക്ക് അവരെ അറിയുമായിരുന്നോ?”
“ഏയ്. ഇല്ല”
“അവര് നേരത്തേ ഇറങ്ങിയിരുന്നു. പത്തൊന്‍പതാം മൈലില്‍”
“ഉം” ഞാന്‍ വെറുതെ മൂളി.
ബസ്സിറങ്ങി വേഗം നടന്നു. ചെറിയ ചാറ്റല്‍ മഴ ഉണ്ടാരുന്നെങ്കിലും കുട തുറക്കാന്‍ മനസ്സ് സമ്മതിച്ചില്ല. കാണാന്‍ വന്നവരൊക്കെ വീട്ടില്‍ എത്തീട്ടുണ്ടാവുമോ?
ഇടവഴിയും പിന്നിട്ട്, കനാലിന്റെ സൈഡിലൂടെ നടക്കുമ്പോള്‍ മനസ്സില്‍ വെറുതെ ഒരു തോന്നല്‍.
“ഇന്ന് എന്നെ കാണാന്‍ വന്നവര്‍ വിവേകിന്റെ പാരെന്റ്സ് ആവുമോ?”
അമ്മയെ വിളിച്ചു ചോദിയ്ക്കാന്‍ തോന്നിയില്ല. ഞാന്‍ നടത്തത്തിന് വേഗത കൂട്ടി....