Monday, August 24, 2009

പറയാതെ പോയത്

"ഡാ ഹരീ, എണീക്കെടാ. ഒന്നു വാതിലുതുറന്നേ"
വാതിലിലെ ശക്തിയായ മുട്ടലും, രവിയേട്ടന്റെ ശബ്ദവും കേട്ടാണ് ഞാന്‍ ഉണര്‍ന്നത്.
"എന്താ രവിയേട്ടാ? എന്തുപറ്റി?"
കട്ടിലിന്റെ മൂലയില്‍ കിടന്നിരുന്ന ലുങ്കി ഇരുട്ടത്ത്‌ എങ്ങനെയൊക്കെയോ തപ്പിയെടുത്തുടുത്ത് ഞാന്‍ എണീറ്റു.
"നീ വാതില്‍ തുറക്കെടാ"
"സമയം എത്രയായി?ഇവിടെ കരണ്ടൊന്നും ഇല്ലേ?" വാതിലിന്റെ കൊളുത്ത് തപ്പുന്നതിനിടയില്‍ ഞാന്‍ ചോദിച്ചു.

രവിയേട്ടന്‍ ഞാന്‍ താമസിക്കുന്ന ലോഡ്ജിന്റെ എല്ലാം എല്ലാം ആണ്. എല്ലാം നോക്കി നടത്തുന്ന ഒരു പാവം കൊല്ലംകാരന്‍. നമുക്കു വേണ്ട എല്ലാ സഹായങ്ങളും ചെയ്തു തരുന്ന, എല്ലാം തുറന്നു പറയാന്‍ പറ്റിയ ഒരാള്‍. എന്തിനെക്കുറിച്ചും ആധികാരികമായി രവിയേട്ടന്‍ സംസാരിക്കും. ഇവിടെ, എറണാകുളത്ത്‌ ലോഡ്ജില്‍ വന്നിട്ട് ഒരു നാല്‍പ്പതു കൊല്ലത്തോളമായി. എറണാകുളം നോര്‍ത്ത് ഓവര്‍ബ്രിഡ്ജിന്റെ ഇടതു വശത്താണ് (കലൂരില്‍ നിന്ന് കച്ചേരിപടി ഭാഗത്തേക്ക് പോവുകയാണെങ്കില്‍) ഞാന്‍ താമസിക്കുന്ന ലോഡ്ജ്. പ്രശസ്തരായ ഒരുപാട്‌ പേര്‍ ഇവിടെ താമസിച്ചിട്ടുണ്ടെന്ന് രവിയേട്ടന്‍ എന്നും പറയാറുണ്ട്.

പക്ഷെ, എന്തിനാണ് പാതിരാത്രിയ്ക്ക് എന്നെ വിളിക്കുന്നത്? മനസ്സില്‍ ഒരുപാട്‌ ചോദ്യങ്ങളുമായി ഞാന്‍ വാതില്‍ തുറന്നു. പുറത്ത് മഴ തകര്‍ത്തു പെയ്യുന്നു. മൂന്നു ദിവസമായി ഇപ്പോള്‍ നിര്‍ത്താതെ മഴ പെയ്യാന്‍ തുടങ്ങിയിട്ട്.

"എന്താ രവിയേട്ടാ കാര്യം ?"
" അത് അത് ..."
"എന്താണെന്ന് പറ "

ഹൃദയമിടിപ്പ്‌ വല്ലാതെ കൂടുന്നത് ഞാന്‍ അറിയുന്നുണ്ടാരുന്നു.മുറിയില്‍ നിന്ന് പുറത്തേക്ക് ഇറങ്ങിയ ഞാന്‍, രവിയേട്ടന്റെ കൈയിലെ മെഴുകുതിരി വെളിച്ചത്തില്‍ രവിയേട്ടന് പുറകിലായി ഒരു പെണ്‍കുട്ടിയെ കണ്ടു.

"ആരാ അത് ?"
"ഇതു ഞാനാ, മായ."അവള്‍ മെഴുകുതിരി വെളിച്ചത്തോടടുത്ത് വന്നു പറഞ്ഞു.

ഏതോ ഒരു ട്രെയിന്‍ ഉച്ചത്തില്‍ ഹോണും മുഴക്കി പോവുന്നുണ്ടാരുന്നു അപ്പോള്‍.നിന്നനില്‍പ്പില്‍ ഞാന്‍ ഇല്ലാതാകുന്നത് പോലെ തോന്നി.
എന്റെ കണ്ണുകള്‍ മായയെ ആദ്യമായി കാണുന്നതുപോലെ, മുഖത്ത് തന്നെ പതിഞ്ഞിരുന്നു. അരണ്ട വെളിച്ചത്തില്‍, അവളുടെ പുഞ്ചിരി എന്റെ നെഞ്ചിലൂടെയുള്ള ഒരു കൊള്ളിയാന്‍ ആയി മാറി. അവളുടെ മുഖത്തേക്ക് വീണ മുടിയിഴകളില്‍നിന്ന് മഴത്തുള്ളികള്‍ അപ്പോഴും ഉറ്റി വീഴുന്നത് ഞാന്‍ കണ്ടു.

"നീ, സമയത്ത്.ഇവിടെ, എങ്ങനെ....?"
"എല്ലാം അവള്‍ പറയും. നീ വേഗം തോര്‍ത്തെടുത്ത് കൊടുത്തേ. പാവം മഴ നന്നായി നനഞ്ഞു."
കൈയിലെ മെഴുകുതിരി കെടാതിരിക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ രവിയേട്ടന്‍ പറഞ്ഞു.
"ദാ. തിരി പിടിയ്ക്ക് .നീ ഇവളെ റൂമിലേയ്ക്ക് കൊണ്ടു പൊയ്ക്കോ. ഒരുപാട്‌ കാര്യങ്ങള്‍ പറയാനുണ്ടാവില്ലേ? വാതിലടയ്ക്കാന്‍ മറക്കേണ്ട"
എനിക്കൊന്നും മനസിലാവുന്നുണ്ടായിരുന്നില്ല. എങ്കിലും രവിയേട്ടന്‍ പറഞ്ഞ പോലെ ഞാന്‍ ചെയ്തു.എന്തിനാണെന്ന് ചോദിച്ചാല്‍? എനിക്കറിയില്ല.

"അതേ, തോര്‍ത്തൊന്നു തരുവോ?" ഞങ്ങള്‍ക്കിടയിലുണ്ടാരുന്ന നിശബ്ദതയെ അവളുടെ സ്വരം ഇല്ലാതാക്കി.
"നീ ഇവിടെ, സമയത്ത് ...?"
തോര്‍ത്തെടുത്ത് കൊടുക്കുന്നതിനിടയില്‍ വീണ്ടും ഞാനെന്റെ ചോദ്യം ആവര്‍ത്തിച്ചു.
"പറയാം. ഞാന്‍ ഒരു ടെസ്റ്റിനുവേണ്ടി തിരുവനന്തപുരത്ത് പോയിരുന്നു. അത് കഴിഞ്ഞ് രാത്രി എട്ടേ മുക്കാലിനുള്ള മംഗലാപുരം എക്സ്പ്രസ്സില്‍ തിരിച്ചു കയറി. ഇവിടെ നോര്‍ത്തില്‍ ഒന്നരയ്ക്ക് വന്നിറങ്ങി. ഇവിടുത്തെ ലോഡ്ജിലെ ലാന്‍ഡ്‌ ഫോണ്‍ നമ്പര്‍ ഹരി പണ്ടു തന്നിരുന്നല്ലോ. ഞാന്‍ രവിയേട്ടനെ രണ്ടു ദിവസം മുന്‍പ് വിളിച്ചിരുന്നു. എനിക്ക് നിന്നെ കാണണമായിരുന്നു. രവിയേട്ടനാ പറഞ്ഞത് ഇവിടെ ഇറങ്ങിക്കോ ഞാന്‍ വന്നു കൂട്ടാം എന്ന്. "
അവളുടെ മറുപടിയില്‍ ഞാന്‍ വല്ലാതെ പകച്ചു പോയി.
"അപ്പോള്‍ വീട്ടില്‍ ? അവര് രാവിലെ വീട്ടില്‍ പ്രതീക്ഷിക്കില്ലേ? "
" ഇല്ല. ഞാന്‍ പറഞ്ഞിരുന്നു, തിരുവനന്തപുരത്തുള്ള എന്റെ ഫ്രെണ്ടിന്റെ വീട്ടില്‍ പോവ്വുമെന്ന്. രാവിലെയുള്ള പരശുരാമിനേ വരൂ എന്നും."

നിന്നെ ഞാന്‍ സമ്മതിച്ചിരിക്കുന്നു എന്ന് ഞാന്‍ മനസ്സില്‍ പറഞ്ഞു പോയി.
"ഇവിടെ എത്തിയപ്പോള്‍ നല്ല മഴയുണ്ടാരുന്നു. എന്റെ കൈയില്‍ കുട ഇല്ലായിരുന്നു. രവിയേട്ടനെ ഫോണ്‍ വിളിച്ചു.രവിയേട്ടന്റെ കുടയില്‍ അഡ്ജസ്റ്റ് ചെയ്ത് ഇങ്ങു പോന്നു. അതാ ഇങ്ങനെ നനഞത്."

മായയുടെ ചുരിദാര്‍ ഒരു വിധം നന്നായി നനഞ്ഞിരുന്നു. തല തോര്‍ത്തുന്നതിനിടയില്‍ അവള്‍ എന്നെ ശ്രദ്ധിക്കുന്നേയില്ലായിരുന്നു.പഴയ പോലെ പാറിപ്പറക്കുന്ന മുടി , കണ്ണുകളില്‍ അതേ തിളക്കം. കുറച്ചുകൂടി തടിവച്ചു എന്നുതോന്നുന്നു. മെഴുകുതിരിയുടെ അരണ്ട വെളിച്ചത്തില്‍ മായ പണ്ട് കണ്ടതിനേക്കാള്‍ സുന്ദരിയായി തോന്നി എനിക്ക്.

"ഒരു കാര്യം ചെയ്യോ? ഇത്തിരി നേരം ഒന്നുപുറത്തു നില്‍ക്കാവോ. ഞാന്‍ നനഞ ഡ്രെസ്സൊക്കെ ഒന്നു മാറ്റട്ടെ"

ഞാനേതോ പുതിയ ലോകത്ത് നില്ക്കുന്ന പോലെ, ഒന്നും പറയാതെ, തലയാട്ടി പുറത്തിറങ്ങി. പുറത്ത് അപ്പോഴും നല്ല മഴ ആയിരുന്നു. നല്ല ഇരുട്ട്. ഇടയ്ക്ക് ഓവര്‍ബ്രിട്ജിലൂടെ പോകുന്ന വണ്ടികളും, ചെറിയ മിന്നലും മാത്രമായിരുന്നു ആകെ വെളിച്ചം തന്നിരുന്നത്.

മായ. കണ്ണൂര്‍ എഞ്ചിനീയറിംഗ് കോളേജില്‍ ഗസ്റ്റ് ലക്ചറര്‍ ആണ്.ഒരു കൊല്ലം മുന്പ് ട്രെയിനില്‍ വച്ചു പരിചയപെട്ടതാണ് ഞങ്ങള്‍. പിന്നെ ഫോണിലൂടെ വല്ലപ്പോഴും സംസാരിക്കും. യാതൊരു ജാടയും ഇല്ലാത്ത, വളരെ കുറച്ചു സംസാരിക്കുന്ന, ഒരു പാവം. കഴിഞ്ഞ ഒരാഴ്ച ഞങ്ങള്‍ ഒരുപാട്‌ സംസാരിച്ചിരുന്നു. ജീവിതത്തെക്കുറിച്ചും, ജോലിയെക്കുറിച്ചും, ബാക്കിയുള്ളവരെ കുറിച്ചും, അങ്ങിനെ ഒരുപാട്‌ കാര്യങ്ങള്‍.
എങ്കിലും എന്തിനാ അവള്‍ സമയത്ത്, ഇവിടെ എന്നെ കാണാന്‍?

"എപ്പോഴും നീ മഴ നോക്കി ഇരിക്കാരുണ്ടോ?" വാതില്‍ തുറന്ന് അവള്‍ ചോദിച്ചു.
വെറുതെ ചിരിച്ചു കൊണ്ട് ഞാന്‍ അവളെ തന്നെ നോക്കി. പച്ചയും, മഞ്ഞയും കോമ്പിനേഷന്‍ ഉള്ള ചുരിദാര്‍. നന്നായി ചേരുന്നുണ്ട് അവള്‍ക്ക്.

"ഹരീ, നീ എന്താ ഇങ്ങനെ ഒന്നും മിണ്ടാതിരിക്കുന്നത് ? ഞാന്‍ വന്നത് ഇഷ്ട്ടപെട്ടില്ലേ ? പാതി രാത്രിക്ക് ഇവളെന്തിനാ വന്നത് എന്നാവും ആലോചിക്കുന്നത് ."
"ഏയ്.... ഞാന്‍ വെറുതെ ..." എനിക്കെന്തോ വായില്‍ നിന്നും ഒന്നും വരുന്നില്ല.
"വാ അകത്തിരിക്കാം."
ഞങ്ങള്‍ അകത്തു കയറി. അവള്‍ വാതിലടച്ചു.
"എന്നും ഒരുപാട്‌ സംസാരിക്കുന്ന ഹരിക്കെന്തു പറ്റി? എന്നെ കണ്ടു പേടിച്ചു പോയോ ?"
"സത്യത്തില്‍ പേടിച്ചതല്ല. ഒരു വല്ലാത്ത... ഒരു എക്സൈറ്റ്മെന്റ്റ്. പെട്ടെന്ന് നീ മുന്നില്‍ രാത്രിയില്‍."
" മുഖഭാവം ഞാന്‍ പ്രതീക്ഷിച്ചതാ."
അവളുടെ മുഖത്ത് നിറഞ്ഞ ചിരി വിടര്‍ന്നു. ചെറിയ മുറിയിലുള്ള കട്ടിലില്‍ അവളും, അടുത്തുള്ള കസേരയില്‍ ഞാനുമിരുന്നു.
"മായ എന്തേ എന്നെ കാണണമായിരുന്നു എന്ന് പറഞ്ഞത് ?"
"പറയാം"

പിന്നെ കുറച്ചു നേരത്തേക്ക് അവളുടെ മനസ്സ് എവിടെയോ പോയ പോലെ തോന്നി.ഒന്നും മിണ്ടാതെ കുറച്ചു മിനുട്ടുകള്‍.

"പറയാം എന്ന് പറഞ്ഞിട്ട്...?" നിശ്ശബ്ദത എന്നെ വിഴുങ്ങുന്നതിനു മുന്‍പ് ഞാന്‍ അതിനെ വിഴുങ്ങി.
"അത് .... അത് ...നിനക്കെന്നെ ഇഷ്ടമല്ലേ ?"
ഞാന്‍ വല്ലാത്ത ഒരവസ്ഥയില്‍ ആയി പോയി. എന്താണ് പറയേണ്ടത് . കുറച്ചു സമയം ഞാന്‍ മായയെ തന്നെ നോക്കി ഇരുന്നു.
"എന്തേ ഇപ്പൊ എങ്ങനെ ചോദിയ്ക്കാന്‍ ?" എന്‍റെ ഉത്തരം മറുചോദ്യമായിരുന്നു.
"അതല്ലലോ ഞാന്‍ ചോദിച്ചതിനുള്ള ഉത്തരം?"
കുറച്ചു നേരം ഞാന്‍ മിണ്ടാതിരുന്നു.പിന്നെ പറഞ്ഞു.
"എനിക്ക് ഇഷ്ടമാണ് നിന്നെ.ഒരുപാട്‌...ഒരു പക്ഷേ നീ ഊഹിക്കുന്നതിലും അപ്പുറം."
എന്‍റെ മനസ്സില്‍ നിന്നും വല്യൊരു ഭാരം ഇറക്കി വെച്ച പോലെ തോന്നി അപ്പോള്‍. അവളുടെ കണ്ണുകള്‍ വല്ലാതെ തിളങ്ങുന്നത് മെഴുകുതിരി വെട്ടത്തിലും ഞാന്‍ വ്യക്തമായി കണ്ടു.
"എങ്കില്‍... ഹരീ.. നിനക്കെന്നെ കെട്ടിക്കൂടെ? എന്തിനാ വേറൊരാള്‍ക്ക് എന്നെ കൊടുക്കുന്നേ?നിനക്കെന്നെ നന്നായി അറിയില്ലേ?"
മായയുടെ കണ്ണുകള്‍ അത് പറയുമ്പോള്‍ നിറയുന്നത് ഞാന്‍ കണ്ടു.
"അത് ......അത് ...മായേ ഞാന്‍.."
"എനിക്കറിയാം. ഫാമിലി, നല്ലൊരു ജോലി,അങ്ങനെ ഒരുപാട്‌ കാര്യങ്ങള്‍.അല്ലെ?"
"ഉം"
"ഞാന്‍ കാത്തിരിക്കാം. സത്യായിട്ടും കാത്തിരിക്കാം."
എന്‍റെ കണ്ണും നിറയുന്നത് ഞാന്‍ അറിയുന്നുണ്ടാരുന്നു. മനസ്സ് സന്തോഷം കൊണ്ട് വല്ലാതെ വീര്‍പ്പുമുട്ടി.നഷ്ട്ടപെട്ടതെല്ലാം ഒറ്റ രാത്രി കൊണ്ട് തിരിച്ചു കിട്ടിയപോലെ.
"മായ എല്ലാം അറിഞ്ഞിട്ടാണോ ?"
"ഹരീ, നിനക്കെന്നെ അറിയില്ലേ? നമ്മള്‍ എല്ലാം തുറന്നു പറയാറില്ലേ. എനിക്ക് നിന്നെ പിരിഞ്ഞിരിക്കാന്‍ ആവുന്നില്ല, ഒട്ടും ആവുന്നില്ല."
അവളുടെ കണ്ണുകള്‍ നിറഞ്ഞ് ഒഴുകുന്നുണ്ടാരുന്നു അപ്പോള്‍.എന്താണ് പറയേണ്ടതെന്ന് എനിക്കറിയില്ലാരുന്നു.
ഞാന്‍ പതുക്കെ എണീറ്റ്‌ അവളുടെ കണ്ണുകള്‍ തുടച്ചു.എന്‍റെ കൈകള്‍ വിറക്കുന്നത്‌ ഞാന്‍ കണ്ടു.
എന്‍റെ കൈകള്‍ രണ്ടും കൂട്ടി പിടിച്ച് അവളുടെ കൈയിലൊതുക്കി, മായ എന്നോട് ചോദിച്ചു.
"നീ എന്നെ ആര്‍ക്കും വിട്ടു കൊടുക്കില്ലലോ?"
മറുപടി ആയി എന്‍റെ കൈയില്‍ നനുത്ത മുഖം ഒതുക്കി ഞാന്‍ അവളുടെ നെറ്റിയില്‍ അമര്‍ത്തി ചുംബിച്ചു.
എങ്ങനെയാണ് അതിനുള്ള ധൈര്യം എനിക്ക് കിട്ടിയത് എന്നെനിക്കറിയില്ല.മായയോടുള്ള എല്ലാ ഇഷ്ടങ്ങളും എന്‍റെ ഉള്ളില്‍ നിന്നും പുറത്ത്‌ വന്ന പോലെ. പിന്നെയും ഞങ്ങള്‍ ഒരുപാട്‌ നേരം സംസാരിച്ചു.പുറത്ത്‌ മഴ തോര്‍ന്നിരുന്നു, എന്‍റെ മനസ്സിലും. സമയം എത്രയായെന്നു അറിയില്ല.എങ്കിലും നേരം വെളുക്കാറായെന്നു തോന്നുന്നു.

"ഹരീ.., എണീക്ക്. നോര്‍ത്ത് എത്താറായി"
മായയുടെ ശബ്ദം കേട്ട് പെട്ടെന്ന് ഞാന്‍ ഞെട്ടി ഉണര്‍ന്നു.
"എന്തൊരു ഉറക്കമാ?.ഹരീടെ തല താങ്ങി എന്‍റെ തോള് വേദനിച്ചു."

ഞാന്‍ ചിരിച്ചു കൊണ്ട് സീറ്റില്‍ നേരെ ഇരുന്നു. മായയുടെ പാറുന്ന മുടിയിഴകള്‍ എന്‍റെ കണ്ണില്‍ ഉമ്മ വയ്ക്കുന്നുണ്ടാരുന്നു.
ഇന്ന് ഞങ്ങള്‍ രണ്ടാളും കൂടി രവിയേട്ടന്റെ ലോഡ്ജിലേക്ക് പോവ്വാണ്.കല്യാണം വിളിക്കാന്‍. എല്ലാം ഇന്നലെ നടന്ന പോലെ.
മായ പുറത്തുള്ള കാഴ്ചകളും നോക്കി ഇരിപ്പാണ് . വീണ്ടും ഞാന്‍ അവളുടെ തോളിലേക്ക് എന്‍റെ തല ചായ്ച്ചു വച്ചു.കഴിഞ്ഞതെല്ലാം വീണ്ടും ഓര്‍ക്കാന്‍.