Wednesday, December 17, 2008

മൂടുപടം

ഇനിയെന്നു വരും നീ-
നഷ്ടസ്വപ്നങ്ങള്‍ക്ക് ചിതയോരുക്കുമ്പോഴോ
അതോ നഷ്ടപെടാനുള്ളവയ്ക്ക് തിരി കൊളുത്തുമ്പോഴോ
ആര്‍ദ്രമാം മഴയുടെ നിഴലായോ
അതോ
നിദ്രയുടെ അന്ത്യ യാമങ്ങളിലോ.

കാത്തിരുന്നു ഞാന്‍ നിനക്കുവേണ്ടി
നിണമണിഞ്ഞ സന്ദ്യകളില്‍
പാതിരാകുറുക്കന്റെ ഗാനയാമങ്ങളില്‍
മഞ്ഞിന്‍റെ പുതപ്പിനുള്ളില്‍ കിടന്നു-
കൊണ്ടോരോ പുലരികളിലും.

ഇടുങ്ങിയ വഴികളിലൂടെ എല്ലാ രാത്രികളിലും
നീ എന്‍റെ മനസ്സിലേക്ക് നടന്നു വന്നു.
തുറന്ന ജനല്‍ പാളികളും കടന്ന്
മഴയുടെ കൈയും പിടിച്ച്
ഞാനും സ്വപ്നങ്ങളുടെ ലോകത്തേക്ക്
നടന്നു കയറി.

പുസ്തകങ്ങളിലെ മടുപ്പിക്കുന്ന സൂത്രവാക്യങ്ങള്‍
ഓര്‍മ്മയില്‍ നിന്നും താനേ മറഞ്ഞു.
പകരം, നിന്‍റെ നേര്‍ത്ത പുഞ്ചിരി
എന്റെ ഹൃദയത്തെ പിളര്‍ത്തു.


ഇറ്റിറ്റു വീണ ഓരോ തുള്ളികള്‍ക്കും
നിന്‍റെ കാലൊച്ചയായിരുന്നു.
പെയ്തൊഴിഞ്ഞ മഴ തീര്‍ത്ത
മൂടുപടത്തിനപ്പുറം
ഇപ്പോഴെനിക്ക്‌ നിന്നെ കാണാം.

പിന്തിരിഞ്ഞോടുന്നതല്ല ഞാനീ
ജീവിതത്തില്‍ നിന്ന്
പുറം തിരിഞ്ഞു നടന്നതല്ലേ
നിന്നെയും തേടി

എന്‍റെ വരണ്ട ഹൃദയത്തിലിപ്പോള്‍
നിറമില്ലാത്ത കിനാക്കളുടെ വേലിയേറ്റം.
കാണാം, എനിക്കങ്ങകലെ
ശുഭ്രധാരിയായ നിന്‍ രൂപം.

എരിഞ്ഞുതീരാത്ത ഇഷ്ടവുമായ്
നിന്‍റെ ഓര്‍മ്മകള്‍ എന്നെ പുതയ്ക്കുമ്പോള്‍
സ്നേഹത്തിന്‍റെ ചൂട് ഞാന്‍ അറിയുന്നു.