Saturday, October 13, 2012

എഴുതപ്പെടാത്തത്‌
രാത്രി വൈകുവോളം വലിച്ചും കുടിച്ചും കൂടെ പഠിച്ചവന്‍ MNC യില്‍ ജോലി നേടിയത് അയാള്‍ ആഘോഷിക്കുമ്പോള്‍ അപ്രതീക്ഷിതമായിരുന്നു വേണുവിന്റെ ചോദ്യം.

“നീ എന്താടാ ഇങ്ങനെ? നിന്നെ തന്നെ ഇല്ലാതാക്കി ഇങ്ങനെ ആര്‍ക്കു വേണ്ടി?”
മറുപടിയായി വേണുവിന് ഒരു ചിരി മാത്രം അയാള്‍ നല്‍കി.
“ചിരിച്ചോ. എന്തും ചോദിച്ചാലും ഉണ്ടാവും അവന്റെയൊരു ............ ഞാന്‍ കാര്യമായിട്ടാ ചോദിച്ചത്. എന്താ നിന്റെ പരിപാടി? ഡിഗ്രി കയ്യിലുണ്ടല്ലോ അതും മോശമല്ലാത്ത മാര്‍ക്കോടുകൂടി.”
“ജോലിക്കൊക്കെ ഞാന്‍ ശ്രമിക്കാഞ്ഞിട്ടാണോ? രണ്ടിടത്ത് കിട്ടിയിരുന്നു. കുറച്ചു മാസങ്ങള്‍ രണ്ടിടത്തും വര്‍ക്ക്‌ ചെയ്തു. പിന്നെ എന്റെ കാഴ്ചപാടും അവരുടെ ന്യായീകരണങ്ങളും ഒത്തുപോകാത്തത് കൊണ്ട് ഞാന്‍ രണ്ടും ഉപേക്ഷിച്ചു.”
“ഇനി എന്താ?”
“അറിയില്ല”
“നീ എന്താ എല്ലാം ഇങ്ങനെ സില്ലി ആയി, ഒന്നിലും ഒരു താല്പര്യവും ഇല്ലാതെ?”
“ഒരുപാട് ഞെട്ടലുകള്‍ ഒരുമിച്ച് ഉണ്ടാകുമ്പോള്‍ ഞാനും നീയും മൂന്നാമതൊരാളും എല്ലാം സില്ലി ആയി കാണും. കാണാന്‍ പഠിക്കും. അതാണ്‌ ലൈഫ്.”
പിന്നെ കുറച്ചു നേരത്തേക്ക് അവരൊന്നും മിണ്ടിയില്ല.
ടീപോയുടെ മുകളില്‍ കിടന്ന സിഗരറ്റ് എടുത്ത് അതിന് തീകൊളുത്തി ബാല്‍കണിയില്‍ നിന്ന് താഴെ ഇരുട്ടില്‍ കൊച്ചിയുടെ മാറില്‍ ചിത്രങ്ങള്‍ വരയ്ക്കുന്ന വണ്ടികളെ നോക്കി  അയാള്‍ നിന്നു.

“എന്താ താഴേക്ക് ചാടണോ? ഇത് പന്ത്രണ്ടാമത്തെ നിലയാണ്” വേണു വിടാന്‍ ഭാവമില്ല.
“ആത്മഹത്യ അവസാനമാണ്. ഫുള്‍ സ്റ്റോപ്പിടല്‍. ഇനിയൊന്നും ചെയ്യാനില്ല, ഇനിയാരും സഹായിക്കില്ല, ഇനിയാരെയും വേദനിപ്പിക്കില്ല എന്നതിന്റെയൊക്കെ ഉത്തരം. എനിക്കതിന്റെ നേരമായിട്ടില്ല.”
“ഇത്രയും കുടിച്ചിട്ടും നിന്റെ വാക്കുകള്‍ക്ക് ഒരു കുഴയലുമില്ല. സത്യം പറ, നീ എന്നും കുടിയും വലിയും തന്നെയാണോ?”
“ഹ ഹ ഹ......എന്നും? ആരു പറഞ്ഞു നിന്നോട്?”
അയാള്‍ ഇന്ന് ആദ്യമായി ചിരിച്ചു കണ്ടു.
“അതല്ല. ഈ സാഹിത്യ വാസനകള്‍ ഉള്ളവരൊക്കെ കുടിക്കും, വലിക്കും, പെണ്ണ് പിടിക്കും ഇങ്ങനൊക്കെയാ ഞാന്‍ കേട്ടിട്ടുള്ളത്. അല്ലെങ്കിലും കോളേജ് ഹോസ്റ്റലില്‍ ദേവലോകം എന്നത്  നിന്റെ മുറിയുടെ പേരായിരുന്നല്ലോ?”
“അന്ന്...പിന്നെ.......പലതും മറക്കാന്‍ ....ബോധം കെട്ട് ഉറങ്ങാന്‍ .......അതിനൊക്കെ ആയിരുന്നു വലിയും, കുടിയും.” വായില്‍ വലിച്ചു കേറ്റിയ പുക ഓരോ ചുരുളുകളായി അയാള്‍ പറത്തി വിട്ടു.

“ഇപ്പോഴും നീ എഴുതാറുണ്ടോ? പഴയ മാഗസിന്‍ എഡിറ്റര്‍ അല്ലേ? അന്ന് നിന്റെ എഴുത്ത് കണ്ട് മാഗസിന്‍ പ്രകാശനം ചെയ്യാന്‍ വന്ന ആള്‍.......എന്താ അയാളുടെ പേര്?”
“ബാലചന്ദ്രന്‍ ചുള്ളിക്കാട്”
“ആഹ്.... ബാലചന്ദ്രന്‍ ചുള്ളിക്കാട്. അയാള്‍ അന്ന് സ്റ്റേജ് വിട്ടുപോകുന്നതിന് മുന്‍പ് വീണ്ടും മൈക്ക് മേടിച്ച് മാഗസിന്‍ എഡിറ്റര്‍ക്കുവേണ്ടി ആണെന്ന് പറഞ്ഞചൊല്ലിയ കവിത ഓര്‍മ്മയുണ്ടോ നിനക്ക്”
“തരിക നീ എനിക്ക്
ഒരു ഹൃദയം നിറയെ
നീ പറയാതെ ഒളിച്ചു വച്ച വാക്കുകള്‍
പെയ്തിറങ്ങുക നീ
ഇവരുടെ മേല്‍ പ്രണയമഴയായ്‌
വളരുക നീ ആകാശവും കഴിഞ്ഞ്
നിന്റെ പേന തുമ്പിനാല്‍”   

ഇരുട്ടിനെ കൂടുതല്‍ സുന്ദരമാക്കി അയാളുടെ വാക്കുകള്‍.

“ഇങ്ങനെ അല്ലേ?”

“അതെ അങ്ങനെ തന്നെ. അന്ന് എല്ലാരും പറയുമായിരുന്നു നീ വലിയ എഴുത്തുകാരന്‍ ആവുമെന്ന്. അങ്ങനെയുള്ള നീ ആണ് ഇങ്ങനെ വലിച്ചും കുടിച്ചും.....”

“അതെ അങ്ങനെയുള്ള ഞാന്‍ തന്നെയാണ്…..” അയാള്‍ മറുപടിക്ക് അര്‍ദ്ധവിരാമമിട്ടു.

എരിഞ്ഞു തീര്‍ന്ന സിഗരറ്റ് കുറ്റി ആഷ് ട്രേയിലേക്ക് കുത്തി ഇറക്കിക്കൊണ്ട് തുടര്‍ന്നു.
“ആര് പറഞ്ഞു ഞാന്‍ എന്നും വലിയും കുടിയുമാണെന്ന്? പണ്ട് ഹോസ്റ്റലില്‍ രണ്ടും ഉണ്ടായിരുന്നു അതിര് വിട്ട്. പക്ഷേ, ഒന്നര വര്‍ഷത്തിനു ശേഷമാണ് ഞാനിന്ന് ഇത് രണ്ടും കൈ കൊണ്ട് തൊടുന്നത്.അന്നൊക്കെ പലതും ഓര്‍ക്കാതിരിക്കാന്‍ ഞാന്‍ കുടിച്ചിരുന്നു. ഇന്ന് ഓര്‍മ്മകള്‍ മാത്രമാണെനിക്ക് കൂട്ട്. പിന്നെ ഞാനെന്തിന് അതിനെ ആട്ടി ഓടിക്കണം?”


വീണ്ടും കുറെ നേരത്തേക്ക് മൌനം.അതിങ്ങനെ കൂടി കൂടി വന്ന് ശ്വാസം മുട്ടിക്കുമെന്നായപ്പോള്‍ വേണു അയാളോട് ചോദിക്കില്ലെന്ന് മനസ്സില്‍ ആയിരം വട്ടം ഉറപ്പിച്ചത് അറിയാതെ ചോദിച്ചു.

“നീ മഹേഷിനെ ഓര്‍ക്കാറുണ്ടോ?”

അയാള്‍ വേണുവിനെ ഒന്ന് തറപ്പിച്ചു നോക്കി. അതിന്റെ മുന്നില്‍ പിടിച്ചു നില്‍ക്കാതെ വേണു വിഷയം മാറ്റി.

“നീ ഇനിയും എഴുതണം. വലിയ എഴുത്തുകാരന്‍ ആവണം. അത് ഞങ്ങളുടെയൊക്കെ ഒരു സ്വപ്നമാണ്.”

അതിന് മറുപടി പറയാതെ ആകാശത്ത് മേഘങ്ങളുമായി ഒളിച്ചു കളിക്കുന്ന ചന്ദ്രനെ നോക്കി അയാള്‍ നിന്നു.


“നീ എന്തേലും പറ” വേണുവിന്റെ വാക്കുകളില്‍ അയാളെ മുഷിപ്പിച്ചതിലുള്ള വിഷമം.


“ഞാന്‍ വലിയ എഴുത്തുകാരന്‍ ആവണമെന്ന് നിങ്ങളേക്കാള്‍ ആഗ്രഹിച്ചിരുന്നത് മഹേഷാണ്. അവന്റെ ആഗ്രഹങ്ങളില്‍ ഒന്നായിരുന്നു ഞാന്‍ എഴുതി കൂട്ടിയതൊക്കെ പുസ്തകമാക്കണമെന്നത്. അതിന് വേണ്ടി ആയിരുന്നു അന്ന് ഞങ്ങള്‍ ബൈക്ക് എടുത്ത് സെന്റ്‌ ആല്‍ബെര്‍ട്ട്സിന്റെ അടുത്തുള്ള ഡിസി ബുക്സില്‍ പോയത്.അവിടെയുള്ള മാനേജരോട് അതിനെകുറിച്ചൊക്കെ അവന്‍ വിശദമായി ചോദിച്ചു മനസിലാക്കുന്നുണ്ടാരുന്നു. പോരും വഴി കച്ചേരിപടിയിലെ തട്ടുകടയില്‍ നിന്ന്  നിന്ന് ഫുഡും കഴിച്ചു. നോര്‍ത്ത്‌ ഓവര്‍ബ്രിഡ്ജും കഴിഞ്ഞ് ലിസി ജങ്ക്ഷനില്‍ വച്ചാരുന്നു............”

അന്ന് ആദ്യമായി അയാളുടെ വാക്കുകള്‍ ഇടറി.

“ഞാനവനെ പിന്നെ കണ്ടതേ ഇല്ല. ബോധം വന്നപ്പോള്‍ ആരോ പറഞ്ഞു അടക്കിയിട്ട് രണ്ടു നാള്‍ കഴിഞ്ഞെന്ന്. മുഖം പോലും ഇടിച്ച ലോറി ഞെരിച്ചു കളഞ്ഞെന്ന്.”

പാതിയാക്കിയത് അയാളെങ്ങനെയോ മുഴുമിപ്പിച്ചു.

“റൂം മേറ്റ്‌ എന്നതില്‍ കവിഞ്ഞ് ഒരേട്ടന്റെ സ്ഥാനത്താണ് അവനെന്നെ കണ്ടിരുന്നത്. അവന്‍ പോയിട്ട് പിന്നെയും രണ്ട് കൊല്ലം കോളേജില്‍......കുടിയും വലിയും മാത്രമുള്ള രണ്ട് കൊല്ലം...... റൂം വെക്കേറ്റ് ചെയുമ്പോള്‍ മേശയുടെ ഏറ്റവും താഴെയുള്ള വലിപ്പില്‍ കുറേ പുസ്തകങ്ങള്‍ക്കിടയില്‍ നിന്ന് ഭംഗിയായി  പൊതിഞ്ഞു വച്ച ഒരു പേന എനിക്ക് കിട്ടി. എന്റെ പിറന്നാളിന് എനിക്ക് തരാന്‍ അവന്‍ ഒളിപ്പിച്ചു വച്ചതായിരുന്നു അത്. അതിന്റെ കൂടെ ഇങ്ങനെ എഴുതിയിരുന്നു.......എഴുതൂ നീ പ്രിയ സുഹൃത്തേ......മഹാപ്രവാഹമായി......കാലന്‍ വിളിച്ചാലും എഴുത്തിലൂടെ ചിരഞ്ജീവി ആവാന്‍............  അന്ന് ഹോസ്റ്റല്‍ വിട്ടിറങ്ങിയതിനു ശേഷം ഇന്നാണ് ഞാന്‍ വലിക്കുകയും കുടിക്കുകയും ചെയ്യുന്നത്” പറഞ്ഞു തീരുമ്പോള്‍ ഒഴികിയിറങ്ങിയ കണ്ണുനീര്‍ അയാളുടെ താടിയില്‍ കുരുങ്ങി നില്‍ക്കുന്നത് വേണു ശ്രദ്ധിച്ചു.

“എല്ലാം മറക്കണമെന്ന് ഞാന്‍ പറയില്ല. ഓര്‍മ്മകള്‍ ഉണ്ടായിരിക്കണം. നീ വീണ്ടും എഴുത്. നിനക്ക് വേണ്ടി.....മഹേഷിന് വേണ്ടി.....കുറച്ചുകാലം കഴിയുമ്പോള്‍ നീ വലിയ എഴുത്തുകാരനാവും തീര്‍ച്ച.”


ഇനിയും എഴുതി തുടങ്ങുമെന്ന വാക്ക്‌ വേണുവിന് കൊടുത്തിറങ്ങുമ്പോള്‍ പുലരാറായിരുന്നു.

..................................................................................................................................................................................


മുറിയുടെ ജനാലകള്‍ മുഴുവനും തുറന്നിട്ട്‌ മേശ പുറത്തിരുന്ന പേനയും കടലാസുമെടുത്ത് വാതിലും തുറന്ന് വരാന്തയിലെ ചൊറി പിടിച്ച പ്ലാസ്റ്റിക്‌ കസേരയിലേക്ക് അയാള്‍ ഇരിപ്പുറപ്പിച്ചു.
ഇന്നെങ്കിലും എന്തെങ്കിലും എഴുതണം. എഴുതിയേ തീരൂ.


എന്നിട്ടയാള്‍ പേന എടുത്ത് ഇങ്ങനെ എഴുതിതുടങ്ങി.

"എരിഞ്ഞു തീരാത്ത  ഇഷ്ടവുമായ്
നിന്റെ ഓര്‍മ്മകള്‍ എന്നെ പുതയ്ക്കുമ്പോള്‍
സ്നേഹത്തിന്റെ ചൂട് ഞാന്‍ അറിയുന്നു"


Friday, October 12, 2012

വിപ്ലവം

ചില നേരങ്ങളില്‍ ഞാന്‍ അങ്ങനെയാണ്
എന്നെത്തന്നെ മറന്ന് നിന്നെ സ്നേഹിക്കും.
ചില നേരങ്ങളില്‍ ഞാന്‍ ഇങ്ങനെയാണ്
എന്നെത്തന്നെ മറന്ന് നിന്നെ വെറുക്കും.

എങ്കിലും
പല നേരങ്ങളിലും നീയറിയാതെ
നിന്റെ കൃഷ്ണമണിക്കുള്ളില്‍ എന്നെ ഞാന്‍ തേടാറുണ്ട്
കൊളുത്തി വലിക്കുന്നു എന്ന് നീ കുറ്റപ്പെടുത്തിയ
എന്റെ കണ്ണിനു മുന്നില്‍ നിന്റെ കൃഷ്ണമണി പതറുമ്പോള്‍
നീ എടുത്തണിഞ്ഞ നീ എന്റെ ആരുമല്ലെന്ന പൊയ്മുഖം
താനേ ഉതിര്‍ന്നു വീണു.

ചില നേരങ്ങളില്‍ ഞാന്‍ അങ്ങനെയാണ്
നീ ഇല്ലെങ്കില് ഞാന്‍ അപൂര്‍ണ്ണമാണെന്ന തിരിച്ചറിവ്.
ചില നേരങ്ങളില്‍ ഞാന്‍ ഇങ്ങനെയാണ്
നീ ഇല്ലെങ്കില്‍ ഞാന്‍ സ്വതന്ത്രനാണെന്ന തിരിച്ചറിവ്.

എങ്കിലും
പല നേരങ്ങളിലും നീയറിയാതെ
നിന്റെ പുസ്തകതാളില്‍ നീ കുറിച്ചിട്ട വരികളില്‍ എന്നെ ഞാന്‍ തേടാറുണ്ട്
ചോര ചിന്തുമെന്ന് നീ കുറ്റപ്പെടുത്തിയ
എന്റെ വിപ്ലവത്തിന് കാതോര്‍ക്കാന്‍
വാകപ്പൂ വീണ് ചുവന്ന ഇടവഴിയും താണ്ടി കിതച്ച് നീ എത്തുമ്പോള്‍
നീ ആളിക്കത്തിച്ച വിപ്ലവകാരി എന്ന എന്റെ മുഖം  
കൂടുതല്‍ ജ്വലിച്ചിരുന്നു.